തിരുവനന്തപുരം: വഖഫ് സ്വത്തുക്കൾ കൈയേറുന്നത് കേരളത്തിൽ പച്ചയും യു.പിയിൽ കാവിയുമുടുക്കുന്ന സംഘടനകളെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാന്‍. വഖഫ് നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് ചോദ്യോത്തര വേളയിൽ മറുപടി പറയുമ്പോഴാണ് വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയും മുസ്‌ലിം ലീഗിനെ കടന്നാക്രമിയ്‌ക്കുകയും ചെയ്‌തത്. കാസർകോട് വഖഫിൻ്റെ 4.5 ഏക്കർ ഭൂമി കൊവിഡ് ആശുപത്രിയ്ക്ക് ഏറ്റെടുത്തത് ലീഗ് അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. അടിയന്തര സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും പകരം ഭൂമി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി മറുപടി നൽകി.
'വഖഫ് സ്വത്തുക്കൾ ആര് കൈയ്യേറിയാലും തിരികെ പിടിക്കും'
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ സംബന്ധിച്ച് പി ഉബൈദുള്ളയുടെ ചോദ്യോത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ലീഗിനെതിരെ പ്രകോപനപരമായ പ്രസ്‌താവന നടത്തിയത്. വഖഫ് സ്വത്തുക്കൾ ആര് കൈയേറിയാലും തിരികെ പിടിക്കും. ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്.
ALSO READ: യുഡിഎഫിൽ ഉറച്ച് നില്‍ക്കും; മുന്നണി വിടുമെന്ന വാർത്ത അസത്യം: മാണി സി. കാപ്പൻ+
വഖഫ് ഭൂമി കുടിവെള്ള പദ്ധതികൾ പോലുള്ള പൊതു ആവശ്യങ്ങൾക്ക് വിട്ട് കൊടുക്കാനാകുമോയെന്ന് പരിശോധിക്കും. വഖഫ് ബോർഡിന് മുസ്‌ലിം ലീഗിൻ്റെ പിന്തുണ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ മുസ്‌ലിം ലീഗ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിമാർ മറുപടി പറയുമ്പോൾ പ്രകോപനപരമായി മറുപടി പറയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.