തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള അഞ്ച് പേരുടെ ചുരുക്കപ്പട്ടിക യുപിഎസ്‌സി ഉടന്‍ സര്‍ക്കാരിന് കൈമാറും. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സംസ്ഥാനം കൈമാറിയ എട്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിന്ന് അഞ്ച് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി യുപിഎസ്‌സി ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഈ പാനലില്‍ നിന്ന് ഒരാളെയാണ് സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുക.
പട്ടികയില്‍ ആരെല്ലാം: ഏറ്റവും സീനിയറായ സിആര്‍പിഎഫ് സ്‌പെഷ്യല്‍ ഡയറക്‌ടര്‍ നിതിന്‍ അഗര്‍വാള്‍, പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബ്, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്‌ടര്‍ ഹരിനാഥ് മിശ്ര, ഇന്‍റലിജന്‍സ് എഡിജിപി റാവാഡ ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുകയെന്നാണ് സൂചന. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെയും സംസ്ഥാന കേഡറില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് പേരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി എട്ടുപേരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്.
ആദ്യം 'നോ', പിന്നീട് 'ഓകെ': കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് പേരും ആദ്യം സംസ്ഥാനത്തേക്കില്ലെന്നറിയിച്ചുവെങ്കിലും പട്ടിക കൈമാറും മുന്‍പ് ഒരിക്കല്‍ കൂടി ഇവരുടെ അഭിപ്രായമാരാഞ്ഞപ്പോള്‍ പൊലീസ് മേധാവിയാകാന്‍ തങ്ങളും തയ്യാറാണെന്നറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിതിന്‍ അഗര്‍വാള്‍, ഹരിനാഥ് മിശ്ര, രാവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ കൂടി അവസാന ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ സാഹചര്യമൊരുങ്ങിയത്.
സാധാരണ മൂന്ന് പേരുടെ പട്ടികയാണ് യുപിഎസ്‌സി കൈമാറാറുള്ളതെങ്കിലും യോഗ്യരായ നിരവധി പേരുടെ പട്ടിക ലഭിച്ചാല്‍ അതില്‍ നിന്ന് അഞ്ച് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ മുന്‍കാല അനുഭവവുമുണ്ട്. ഇത്തവണ സംസ്ഥാനം കൈമാറിയ പട്ടികയില്‍ ഇതേ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അഞ്ച് പേരുടെ ചുരുക്കപ്പട്ടിക യുപിഎസ്‌സി കൈമാറുമെന്ന സൂചനകള്‍ വരുന്നത്.
പട്ടികയില്‍ ഇവരും : ഈ അഞ്ച് പേര്‍ക്ക് പുറമെ ഇന്‍റലിജന്‍സ് എഡിജിപി ടി.കെ വിനോദ്‌കുമാര്‍, കോസ്‌റ്റല്‍ എഡിജിപി സഞ്ജീവ്കുമാര്‍ പട്‌ജോഷി, എഡിജിപിയും ബെവ്റേജസ് കോര്‍പറേഷന്‍ എംഡിയുമായ യോഗേഷ് ഗുപ്‌ത എന്നിവര്‍ കൂടി ഉള്‍പ്പെട്ട എട്ട് പേരുടെ പാനലാണ് സംസ്ഥാനം കൈമാറിയിരിക്കുന്നത്. 30 വര്‍ഷത്തെ സര്‍വീസുള്ളവരെയും ആറ് മാസത്തില്‍ കുറയാത്ത സര്‍വീസ് അവശേഷിക്കുന്നവരെയുമാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. യുപിഎസ്‌സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ ഉള്‍പ്പെടുന്ന പാനലാണ് എട്ട് പേരുടെ പട്ടികയില്‍ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി സംസ്ഥാനത്തിന് കൈമാറുന്നത്.
മുമ്പ് നിയമനം നേരിട്ട് : നേരത്തെ സംസ്ഥാന പൊലീസ് മേധാവിയെ സര്‍ക്കാര്‍ സ്വന്തം താത്പര്യ പ്രകാരമാണ് നിയമിച്ചിരുന്നത്. എന്നാല്‍ 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അന്നത്തെ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ നീക്കി പകരം ലോക്‌നാഥ് ബഹ്‌റയെ പൊലീസ് മേധാവിയാക്കി. ഇതിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. 2017ലെ ഈ സുപ്രീംകോടതി ഉത്തരവില്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സീനിയര്‍ ഉദ്യോഗസ്ഥരുടെ ഒരു പട്ടിക തയ്യാറാക്കി യുപിഎസ്‌സിക്ക് കൈമാറി അതില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ നിന്നേ പൊലീസ് മേധാവിയെ നിശ്ചയിക്കാവൂ എന്ന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനം എട്ട് പേരുടെ പാനല്‍ തയ്യാറാക്കി യുപിഎസ്‌സിക്ക് കൈമാറിയത്.