തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഗണ്യമായി കൂടുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് മൂന്നാം തരംഗവും ഒമിക്രോണ്‍ വ്യാപനവുമാണ് കേസുകള്‍ കൂടാന്‍ സാഹചര്യമായത്. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പടരുന്നത് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 345 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. ഇതില്‍ 155 പേര്‍ രോഗമുക്തരായി. അതേസമയം ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടന്ന് പറയാന്‍ കഴിയില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതലും രോഗം ബാധിച്ചത് 20 - 40 വയസ് വരെയുള്ളവരിലാണ്. ഡെല്‍റ്റ വകഭേദമാണിതന്നും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 100 ശതമാനം രോഗം വ്യാപനമുണ്ടായി.
Also Read: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്; മരണം അരലക്ഷം കടന്നു
എല്ലാ ജില്ലകളിലും രോഗികള്‍ വ്യാപിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളാണ് മുന്നില്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം രൂപപ്പെട്ടിടത്ത് പിന്നീട് പരിശോധന നടത്തുന്നുണ്ട്. പ്രായമുള്ളവര്‍ മറ്റ് ജീവിത ശൈലി രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. തുടര്‍ന്നുളള ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി മറ്റ് തീരുമാനങ്ങള്‍ എടുക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.