തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ തലസ്ഥാനം സംഘര്‍ഷഭൂമിയായി. വൈകിട്ട് അഞ്ച് മണിയോടെയാണ് കെ.എസ്.യു പ്രവര്‍ത്തകനായ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ചോദ്യം ചെയ്ത് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം കോളജിലേക്ക് എത്തിയത്.
ഇവരെ ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കോളജിന് അകത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്ത് കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ വെല്ലുവിളിയും മുദ്രവാക്യവും മുഴക്കി. ഇതിനിടെ കോളജിന് അകത്ത് നിന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായ കല്ലേറുണ്ടായി. പൊലീസിനെ മറികടന്ന് എസ്.എഫ്.ഐ -കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പട്ടിക കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചു. ചെവിക്ക് പരിക്കേറ്റ അഭിജിത്ത് ആശുപത്രിയില്‍ പോകാതെ റോഡില്‍ തന്നെ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി. എസ്.എഫ്.ഐ പ്രവര്‍ത്തരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നിത്തല എംജി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരം സിറ്റി അഡീഷണല്‍ കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരി ചെന്നിത്തലയുമായി സംസാരിച്ചെങ്കിലും അദ്ദേഹം പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.
ഇതേസമയം റോഡിന് മറുവശത്ത് കോളജിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കെ.എസ്.യുക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. കെ.എസ്.യുവിന്‍റെ കല്ലേറില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. റോഡ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് കേസില്‍ കുറ്റക്കാരായവര്‍ക്കെതിരെ കേസ് എടുക്കാമെന്ന് പൊലീസ് രമേശ് ചെന്നിത്തലക്ക് ഉറപ്പ് നല്‍കി. ഇതോടെയാണ് രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് അവസാനമായത്.