തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
യൂണിവേഴ്‌സിറ്റി കോളജിലെ ആക്രമണക്കേസുകളില്‍ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെടുത്തതില്‍ വിശദമായ അന്വേഷണം നടക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഉത്തര പേപ്പര്‍ ചോര്‍ച്ച പ്രത്യേകമായി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇത് സംബന്ധിച്ച് കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
2016 മുതല്‍ 2018 വരെ പരീക്ഷ പേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന് രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേരള സര്‍വകലാശാലയുടെ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്നാണ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണമാകും ക്രൈം ബ്രാഞ്ച് നടത്തുക.