തിരുവനന്തപുരം: സംസ്ഥാനത്ത്, ഏക സിവിൽ കോഡിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി കോണ്‍ഗ്രസ്. ഈ മാസം കേരളത്തിൽ മൂന്നിടത്ത് 'ബഹുസ്വരത ആഘോഷം' എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുന്നുവെന്നും ഈ നിയമം കൊണ്ടുവന്നാൽ രാജ്യത്ത് ഐക്യം നഷ്‌ടപ്പെടുമെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഏക സിവിൽ കോഡിനായി വാദിച്ചവരാണ് ഇഎംഎസും സിപിഎമ്മും. കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെയ്യുന്നതുപോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സിപിഎം പോകുന്നത്. രാഷ്ട്രീയ പകപോക്കലിനെതിരേയും മാധ്യമ വേട്ടക്കെതിരേയും 283 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 26ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും സുധാകരൻ പറഞ്ഞു.
'സിപിഎമ്മിന്‍റെ ശ്രമം, വര്‍ഗീയത ആളിക്കത്തിക്കാന്‍': ഏക സിവിൽ കോഡില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച ഏകീകൃത സിവില്‍ കോഡില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസി ആരോപിച്ചു. ഏക വ്യക്തി നിയമം നടപ്പാക്കുമെന്നാണ് ബിജെപി ആവര്‍ത്തിച്ച് പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും കെപിസിസി നേതൃയോഗം വിലയിരുത്തി. ഏക വ്യക്തി നിയമത്തിന്‍റെ പേരില്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ഗൂഢലക്ഷ്യവുമായാണ് സിപിഎം രംഗത്തെത്തിയത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏക വ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്‌നമല്ല. രാജ്യം മുഴുവന്‍ ഒരു നിയമം എന്നാണ് ഏക വ്യക്തി നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരൊറ്റ നിയമം എന്നാണ് ഏക വ്യക്തി നിയമമെന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നത് വിവിധങ്ങളായ വ്യക്തി നിയമങ്ങള്‍ മൂലമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് വ്യക്തി നിയമം ഏകീകരിക്കുന്നതിലൂടെ ബിജെപിയുടെ ലക്ഷ്യമെന്നും കെപിസിസി ചൂണ്ടിക്കാട്ടി.
'യുസിസി മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല': ഏകീകൃത സിവിൽ കോഡ് വിഷയം തെരുവിൽ ഇറങ്ങി പോരാടേണ്ട കാര്യമല്ലെന്ന് മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി. നിയമപരമായും രാഷ്‌ട്രീയപരമായും നേരിടേണ്ട കാര്യമാണ്. ഇത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്‍റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ്. അതിനാല്‍ എല്ലാ മത സംഘടനകളും ഒരുമിച്ച് പ്രതികരിക്കണമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗം ആവശ്യപ്പെട്ടു.