തിരുവനന്തപുരം: മൂന്ന് വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാത്ത കത്തിപ്പാറ ആറാട്ടുകുഴി റിങ്റോഡിൽ യാത്രാദുരിതം ശക്തമാകുന്നു. റോഡിൽ നിന്നും ഉയരുന്ന പൊടിയും അവിടെ നിക്ഷേപിച്ചിരിക്കുന്ന പാറപ്പൊടി മിശ്രിതവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പ്രദേശവാസികൾക്ക് സൃഷ്‌ടിക്കുന്നത്. ആറേകാൽ കോടിയോളം രൂപ അനുവദിച്ച് 2017ലാണ് പാറശ്ശാല മണ്ഡലത്തിലെ റോഡിന്‍റെ നിർമാണം ആരംഭിച്ചത്.
പ്രധാന ടാറിങ്ങിന് മുന്നോടിയായുള്ള പൈലറ്റ് ടാറിങ്ങിനായി ടാർ ഉൾപ്പെടെയുള്ളവ എത്തിച്ചിട്ടുണ്ടെങ്കിലും പണി ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡിന്‍റെ പുനർനിർമാണത്തിന് വേണ്ടി സ്വകാര്യ വ്യക്തിയുടെ കെട്ടിടമതിലുകളും ക്ഷേത്ര മതിലുകളും പൊളിച്ചിരുന്നു. മൂന്നുവർഷം ആയിട്ടും ഇത് പുനർനിർമ്മിച്ച് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുരിശുമല കാളിമല തീർഥാടകർ ഉൾപ്പെടെ ഉപയോഗിക്കുന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.