തിരുവനന്തപുരം: യുക്രൈനിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഗ്രീൻ ചാനൽ വഴി ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യവകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ഇതുസംബന്ധിച്ച് നിർദേശം നൽകി. സംസ്ഥാനത്തെ നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും, ആഭ്യന്തര വിമാനത്താവളങ്ങളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് വീണ ജോർജ് അറിയിച്ചു.
മെഡിക്കൽ കോളേജുകൾ വഴിയും പ്രധാന സർക്കാർ ആശുപത്രികൾ വഴിയും ആവശ്യമെങ്കിൽ വിദഗ്‌ധ ചികിത്സ ഉറപ്പാക്കും. ശാരീരിക, മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതിനായി വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്ക്കുകൾ സ്ഥാപിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. തുടർചികിത്സ ആവശ്യമായവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.