തിരുവനന്തപുരം : 'സര്‍ക്കാരല്ലിത് കൊള്ളക്കാര്‍' എന്ന മുദ്രാവാക്യത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം (UDF's Second Secretariat Blockade Protest) ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ തന്നെ തിരുവനന്തപുരം ജില്ലയിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‍റെ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെ മറ്റ് മൂന്ന് ഗേറ്റുകളും ഉപരോധിക്കുകയാണ്. പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ പ്രവര്‍ത്തകര്‍ പ്രധാന വേദിയായ സമര ഗേറ്റും, നെടുമങ്ങാട് താലൂക്കിലെ പ്രവര്‍ത്തകര്‍ ആസാദ് ഗേറ്റും സ്‌പോർട്‌സ് കൗണ്‍സില്‍ ഭാഗത്തെ ഗേറ്റ് ചിറയിന്‍കീഴ് താലൂക്കിലെ പ്രവര്‍ത്തകരും ഉപരോധിക്കുന്നു. മറ്റ് ജില്ലകളില്‍ നിന്ന് വരുന്ന പ്രവർത്തകര്‍ക്ക് നില്‍ക്കാനുളള സ്ഥലങ്ങളും നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.
രാവിലെ ആറ് മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെയാണ് ഉപരോധം. സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച, മാസപ്പടി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് സെക്രട്ടേറിയറ്റില്‍ എത്തിച്ചിരിക്കുന്നത്. 14 ഡിവൈഎസ്‌പിമാര്‍ക്കാണ് ക്രമസമാധാന ചുമതല. 1500 ഓളം പൊലീസുകാരെ സുരക്ഷയ്‌ക്കായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഗതാഗത തടസം ഒഴിവാക്കാന്‍ വാഹന പാര്‍ക്കിങ്ങിന് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പൊലീസ് നല്‍കിയിട്ടുമുണ്ട്.എഐ ക്യാമറ അഴിമതി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി മെയ് 20ന് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തിയിരുന്നു.
സെക്രട്ടേറിയറ്റ് ഉപരോധത്തോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങള്‍
(Traffic Arrangements) പാളയം മുതല്‍ പുളിമൂട് വരെയുള്ള റോഡില്‍ ഗതാഗത തടസം അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളയമ്പലം ഭാഗത്തുനിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട് - തൈക്കാട് - തമ്പാനൂര്‍ വഴിയും, വഴുതക്കാട് കലാഭവന്‍ മണി റോഡ് പനവിള വഴിയും പോകേണ്ടതാണ്. പട്ടം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പബ്ലിക് ലൈബ്രറി ഭാഗത്തുനിന്ന് തിരിഞ്ഞ് നന്ദാവനം-പഞ്ചാപുര-ബേക്കറി ഫ്ലൈഓവര്‍ വഴിയും ആശാന്‍ സ്‌ക്വയര്‍ ഭാഗത്തുനിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പാളയം അണ്ടര്‍ പാസേജ് ബേക്കറി ഫ്ലൈഓവര്‍ വഴിയും പോകാവുന്നതാണ്.
കിഴക്കേകോട്ട ഭാഗത്തുനിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്‌ജ് - തമ്പാനൂര്‍ ഫ്ലൈഓവര്‍ - തൈക്കാട് - മേട്ടുക്കട വഴുതക്കാട് വഴി പോകേണ്ടതും, പട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ - പനവിള ബേക്കറി ഫ്ലൈഓവര്‍ - അണ്ടര്‍പാസേജ് - ആശാന്‍ സ്‌ക്വയര്‍ പി.എം.ജി വഴിയും പോകേണ്ടതാണ്. ചാക്ക ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങള്‍ക്ക് അട്ടക്കുളങ്ങര - ഈഞ്ചക്കല്‍ വഴി പോകാവുന്നതാണ്.
ഉപരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ നിര്‍ദിഷ്‌ട സ്ഥലങ്ങളില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ആറ്റുകാല്‍ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ട്, ഈഞ്ചക്കല്‍ ബൈപ്പാസ് എന്നിവിടങ്ങളില്‍ വാഹനഗതാഗതത്തിന് തടസം വരാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണം. പൊതുജനങ്ങള്‍ക്ക് ട്രാഫിക്കിനെ സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. 9497930055, 9497987001.