തിരുവനന്തപുരം: യുഡിഎഫ് എംഎൽഎമാരും എംപിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പരിപാടിയില്‍ വെർച്വലായി പങ്കെടുക്കുമെന്നും, ബഹിഷ്ക്കരണമല്ലെന്നും എംഎം ഹസൻ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിലാണ് തീരുമാനം.
സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർക്ക് ഒരു കൂട്ടം അഭിഭാഷകർ പരാതി നൽകിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദേശിക്കണമെന്ന ആവശ്യമാണ് അഭിഭാഷകര്‍ ഉന്നയിച്ചത്.
കൂടുതല്‍ വായനയ്ക്ക്: സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കി അഭിഭാഷകര്‍
മെയ് 20ന് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അഞ്ഞൂറ് പേരാണ് പങ്കെടുക്കുക. ഗവര്‍ണര്‍, മുഖ്യമന്ത്രി, 21 മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി, പാര്‍ട്ടി പ്രതിനിധികള്‍, ന്യായാധിപന്‍മാര്‍, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ഭരണഘടനാ പദവി വഹിക്കുന്നവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍, മാധ്യമങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് 500 എന്ന കണക്കിലെത്തിയത്.