തിരുവനന്തപുരം: കേരള സർക്കാരിന്‍റെ നവ കേരള സദസിന് ബദലായി പ്രതിപക്ഷം നടത്തുന്ന വിചാരണ സദസ് ഡിസംബർ 2 മുതൽ 22 വരെ നടക്കും. രണ്ടാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്താണ് വിചാരണ സദസിന്‍റെ തുടക്കം. വിവിധ ജില്ലകളിൽ നിന്നുള്ള മന്ത്രിമാരുടെ മണ്ഡലങ്ങളിലാകും പ്രതിപക്ഷം വിചാരണ സദസ് സംഘടിപ്പിക്കുക.
കോഴിക്കോട് പി എ മുഹമ്മദ് റിയാസിന്‍റെ മണ്ഡലത്തിലും എറണാകുളത്ത് പി രാജീവിന്‍റെ മണ്ഡലത്തിലും സദസ് നടക്കും. കൊല്ലത്ത് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ മണ്ഡലത്തിലും തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമവും വേദിയാകും.
സർക്കാരിനെതിരെ യുഡിഎഫ് തയ്യാറാക്കുന്ന കുറ്റപത്രം എല്ലാ വേദികളിലും അവതരിപ്പിക്കുമെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. പെൻഷൻ നിഷേധിക്കപ്പെട്ട ജീവനക്കാർ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, രോഗികൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിന് പിന്നാലെ നടക്കുന്ന വിചാരണ സദസ് സർക്കാരിന്‍റെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്നും അനുഭവസ്ഥർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണയ്ക്ക് വിധേയരാക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. എല്ലാ ജില്ലകളിലും കോൺഗ്രസിന്‍റെ പ്രമുഖ നേതാക്കൾ സദസ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്‍റെ നേട്ടങ്ങളെന്ന് കൊട്ടിഘോഷിക്കുന്ന പദ്ധതികളും വിചാരണ ചെയ്യപ്പെടും.
പലസ്‌തീൻ വാദം സിപിഎമ്മിന്‍റെ രാഷ്ട്രീയ തന്ത്രമാണ്. റഷ്യ-യുക്രൈൻ യുദ്ധം വന്നപ്പോൾ എന്തുകൊണ്ട് ഐക്യദാർഢ്യ റാലി നടത്തിയില്ലെന്നും സദ്ദാം ഹുസൈന് പിന്തുണ കൊടുത്തപ്പോൾ ലഭിച്ച നേട്ടം ആവർത്തിക്കാൻ വേണ്ടിയാണ് ഇപ്പോഴുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന് ഭിന്നസ്വരം എന്ന് പറഞ്ഞ പിണറായി വിജയൻ ചരിത്രം പഠിക്കണമെന്നും ഗാന്ധിജിയും ഇന്ദിര ഗാന്ധിയുമെല്ലാം പലസ്‌തീനൊപ്പമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിന്‍റെ പേരിൽ കോൺഗ്രസിനെ ചോദ്യം ചെയ്യുന്നുവെങ്കിൽ കെകെ ശൈലജ ടീച്ചറിന്‍റെ ഹമാസ് പ്രസ്‌താവനയുടെ പേരിൽ സിപിഎമ്മിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ : സിപിഎം സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു (K Surendran on Palestine rally kozhikode). പലസ്‌തീൻ, ഹമാസ് എന്നൊക്കെ പറഞ്ഞാൽ പാവങ്ങൾക്ക് അരി വാങ്ങാനാവില്ല. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്. ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്, എന്നാൽ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. നവകേരളയാത്രയ്ക്ക് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ടുപോവാൻ ശ്രമിച്ചാൽ ബിജെപി തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: 'മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്, കേരളത്തെ കടത്തിലാക്കുന്നത് ധൂര്‍ത്തും അഹന്തയും': വി മുരളീധരന്‍