തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിന്റെ മനുഷ്യ ഭൂപടം ഇന്ന്. വയനാട് ഒഴികയുള്ള ജില്ലകളില്‍ പരിപാടി നടക്കും. മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചാണ് യുഡിഎഫിന്റെ വേറിട്ട പ്രതിഷേധം.
വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ പ്രവര്‍ത്തകര്‍ അണി നിരക്കും. തുടര്‍ന്ന് ഗാന്ധിജി വെടിയേറ്റ് മരിച്ച സമയം 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞയോടെ പരിപാടി സമാപിക്കും. ഭൂപടം തീര്‍ക്കുന്നതിന് മുന്നോടിയായി നാലരയ്ക്ക് റിഹേഴ്‌സലും നടക്കും. വിവിധ ജില്ലകളില്‍ യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി മനുഷ്യഭൂപടത്തിന് നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലി നടക്കുന്ന സാഹചര്യത്തിലാണ് മനുഷ്യ ഭൂപടം പരിപാടിയില്‍ നിന്ന് വയനാടിനെ ഒഴിവാക്കിയത്.