തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം. രാവിലെ ആറുമണിക്ക് ആരംഭിച്ച ഉപരോധം പന്ത്രണ്ട് മണിക്ക് ശേഷം നേതാക്കളെ അറസ്റ്റ് നീക്കിയതോടെയാണ് അവസാനിച്ചത്. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമവും പരീക്ഷയിലെ ക്രമക്കേടും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പിഎസ്സിയിലെ ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷിക്കുക, വിലക്കയറ്റം, വൈദ്യുതി ചാര്‍ജ് വര്‍ധന, കാരുണ്യപദ്ധതി നിര്‍ത്തലാക്കല്‍ എന്നീ വിഷയങ്ങള്‍ക്കൊപ്പം പൊലീസിന്‍റെ ഭാഗത്ത് നിന്നുളള നിരന്തര വീഴ്‌ചകളും ഉന്നയിച്ചായിരുന്നു യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം. രാവിലെ ആറ് മണി മുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‍റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ചു. മുന്നണിയുടെ പ്രധാന നേതാക്കളെല്ലാം ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉപരോധസമരം ഉദ്ഘാടനം ചെയ്‌തത്. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിലേയും പിഎസ്സിയിലേയും എല്ലാ അന്വേഷണത്തേയും മുഖ്യമന്ത്രി അട്ടിമറിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മധ്യപ്രദേശിലെ വ്യാപം അഴിമതിയെ ഓര്‍മിപ്പിക്കുന്ന സംഭവമാണിത്. ഒന്നെങ്കില്‍ നിഷ്‌ക്രിയത്വം അല്ലെങ്കില്‍ അതിക്രമം എന്നതാണ് ഇപ്പോഴത്തെ പൊലീസ് നയം. ആഭ്യന്തരം കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തെറ്റുകള്‍ തിരുത്താനല്ല ആവര്‍ത്തിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. എല്ലാത്തിനെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിഎസ്‌സി വിഷയത്തിലെ സിബിഐ ആന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്‌ത് നീക്കിയതോടെയാണ് ഉപരോധ സമരം അവസാനിച്ചത്.
സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരുന്നത്. ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതിനാല്‍ നഗരത്തിലെ ഗതാഗതസംവിധാനം മുഴുവന്‍ താറുമാറായി. മണിക്കൂറുകളോളം പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴിവാക്കിയിരുന്നതിനാല്‍ ഉപരോധ സമരം സെക്രട്ടേറിയേറ്റ് പ്രവര്‍ത്തനത്തെ ബാധിച്ചില്ല.