തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിനെതിരെ ഇന്ന് യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനത്തിലൂടെ സിപിഎം നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയാണ് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്ന് വിവിധ ജില്ലകളില്‍ സമരം നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കൊല്ലം, പത്തനംതിട്ട കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കാസര്‍കോട് ജില്ലകളിലെ കലക്‌ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ഇന്ന് ധര്‍ണ.
ആലപ്പുഴയില്‍ നാളെയും കണ്ണൂരില്‍ ഡിസംബര്‍ 13 നുമാണ് ധര്‍ണ സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സമരത്തിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സെക്രട്ടറിയേറ്റിനുമുന്നില്‍ നിർവഹിക്കും. എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കുക, താത്‌കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നടത്തുക, യൂണിവേഴ്‌സിറ്റികളിലും പൊതുമേഖല സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദാക്കുക, പിഎസ്‌സിക്ക് വിട്ടുകൊടുത്ത സ്ഥാപനങ്ങളില്‍ നിയമനം അതുവഴി നടത്തുക, പിന്‍വാതില്‍ നിയമനത്തിന് സിപിഎം ജില്ല സെക്രട്ടറിക്ക് കത്ത് എഴുതി നിയമം ലംഘിച്ച തിരുവനന്തപുരം മേയര്‍ രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യുഡിഎഫ് ധര്‍ണ നടത്തുന്നതെന്ന് എം എം ഹസൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.