തിരുവനന്തപുരം: K - Rail: കെ -റെയില്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ്. പ്രദേശത്തെ ഭൂമി നഷ്ടമാകുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും ഒരുമിച്ച് ചേര്‍ത്ത് ജനുവരിയില്‍ 100 ജനകീയ സദസ് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ സമൂഹത്തെ എല്ലാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രത്യേക ചര്‍ച്ച നടത്തും.
പദ്ധതിയുടെ ദോഷ വശം ജനങ്ങളെ അറിയിക്കുന്നതിനായുള്ള പ്രചരണത്തിന്റെ ഭാഗമാണിത്. പദ്ധതി മൂലം ഏറ്റവും കൂടുതല്‍ ദോഷം അനുഭവിക്കേണ്ടി വരുന്ന കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്ഥിരം സമര വേദിയിലൂടെ നിരന്തരം സമരം സംഘടിപ്പിക്കാനും ഇന്ന് ചേര്‍ന്ന് യു.ഡി.എഫ് യോഗം തീരുമാനിച്ചു.
Also Read: K Rail | 'വരേണ്യ വര്‍ഗത്തോട് മാത്രം ചര്‍ച്ച' ; സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
കെ റയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണം. പദ്ധതിയെ കുറിച്ച് പൗര പ്രമുഖന്‍മാരോട് മാത്രം മുഖ്യമന്ത്രി സംസാരിക്കുന്നത് നിയമസഭയോടുള്ള അവഹേളനമാണെന്നും നിയമസഭയെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് വികസനത്തെ തുരങ്കം വയ്ക്കുന്നുവെന്ന ആരോപണം ശരിയല്ല.
അതിവേഗ പാതയെയല്ല ഇപ്പോഴത്തെ അപ്രായോഗികയെയാണ് തുറന്ന് കാട്ടുന്നതിനാണ് യു.ഡി.എഫ് ശ്രമം. അതിനെ വികസന വിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു. പൊലീസിനോട് യുദ്ധം ചെയ്യാന്‍ യു.ഡി.എഫില്ല. ജനകീയ പ്രതിഷേധത്തിലൂടെ പദ്ധതിയെ നേരിടും.
കെ റയില്‍ സര്‍വേ കല്ലുകള്‍ പിഴുത് എറിയുമെന്ന് കോണ്‍ഗ്രസ് നിലപാട് തന്നെയാണ് യു.ഡി.എഫിന്റെതെന്നും ഹസ്സന്‍ വ്യക്തമാക്കി. കക്ഷി നേതാക്കളുടെ യോഗമായതിനാലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തത്. അതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കേണ്ട കാര്യമില്ലെന്നും ഹസന്‍ പറഞ്ഞു.