തിരുവനന്തപുരം : മിത്ത് വിവാദം നിയമസഭയിൽ നേരിട്ട് ഉന്നയിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം. ഇന്ന് ചേർന്ന യുഡിഎഫ് നിയമസഭ കക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായിരിക്കുന്നത്. മിത്ത് വിവാദം ആളിക്കത്തിക്കേണ്ട എന്ന അഭിപ്രായത്തില്‍ യുഡിഎഫ് നിയമസഭ കക്ഷിയോഗം എത്തുകയായിരുന്നു.
സ്‌പീക്കർ നടത്തിയ പ്രസംഗം തെറ്റാണെന്ന അഭിപ്രായം യുഡിഎഫ് ഉയർത്തും. എന്നാൽ അടിയന്തര പ്രമേയമായോ മറ്റ് രീതിയിലോ ഈ വിവാദം നിയമസഭയിൽ ഉന്നയിക്കില്ല. വിവാദമുണ്ടായപ്പോൾ മുഖ്യമന്ത്രി പുലർത്തിയ മൗനം അടക്കം പ്രസംഗങ്ങളിൽ പരാമർശിക്കാനും യോഗത്തിൽ തീരുമാനമായി.
വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയിൽ ഒരു പരാമർശം ഉണ്ടായത് തിരുത്താൻ സ്‌പീക്കർ തയ്യാറാകണം. ഇക്കാര്യം യുഡിഎഫ് ഉന്നയിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മിത്ത് വിവാദത്തിൽ തിരുത്ത് നടത്തിയതുപോലെ സ്‌പീക്കറും ഇതിന് സ്വയം തയ്യാറാകണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം.
വിവാദത്തിൽ സ്‌പീക്കർ എ എൻ ഷംസീറിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാൻ ചട്ടപ്രകാരം കഴിയില്ല. ഇത് കൂടി കണക്കിലെടുത്താണ് വിവാദങ്ങളിൽ കടുത്ത ആരോപണങ്ങള്‍ ഉയർത്തേണ്ട എന്ന് യുഡിഎഫിൽ ധാരണയായത്. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറല്ല എന്ന് യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ട എന്നാണ് യുഡിഎഫ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദം ആളിക്കത്തിക്കുന്ന രീതിയിലുള്ള ഒരു പരാമർശവും യുഡിഎഫിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. വിവാദം സ്വയം അടങ്ങുകയാണെങ്കിൽ അടങ്ങട്ടെ എന്നാണ് നിലപാട്.
ഈ വിഷയത്തിൽ തെരുവിൽ പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും യുഡിഎഫിൽ ധാരണയായി. വർഗീയ കക്ഷികൾക്ക് രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കാനുമുള്ള അവസരം നൽകാതിരിക്കാനാണ് ഇത്തരം ഒരു ധാരണ എന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
സ്‌പീക്കർ മാപ്പ് പറയണമെന്ന് എൻഎസ്എസ് : മിത്ത് വിവാദത്തിൽ സ്‌പീക്കർ മാപ്പ് പറയണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് എൻഎസ്എസ്. എ എന്‍ ഷംസീറിന്‍റെ വിവാദ പരാമർശങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിയമവഴി തേടുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. പെരുന്നയില്‍ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗത്തിന് ശേഷമായിരുന്നു നിലപാട് അറിയിച്ചത്.
പ്രസ്‌തുത വിഷയത്തിൽ സ്‌പീക്കറുടെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമായിരുന്നുവെന്നും ജി സുകുമാരൻ നായർ ആരോപിച്ചു. സ്‌പീക്കറുടെ ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ലെന്നും നിയമസഭ സ്‌പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്‌തുത പരാമർശങ്ങൾ പിൻവലിച്ച് വിശ്വാസികളോട് മാപ്പ് പറയണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്‌പീക്കർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.