തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പുവക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. വ്യാഴാഴ്‌ച രാവിലെ ഇത് സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ യുഡിഎഫ് അനുമതി തേടിയിട്ടുണ്ട്. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിലൂടെ ലോകായുക്തയുടെ പ്രസക്തി നഷ്‌ടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ലോകായുക്തയുടെ അധികാരം ഇല്ലാതാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി നിരോധന സംവിധാനത്തെ കാറ്റിൽ പറത്തിയാണ് സർക്കാർ രഹസ്യമായി ലോകായുക്ത ഭേദഗതി ഓർഡിനൻസ് അനുമതിക്കായി ഗവർണർക്ക് സമർപ്പിച്ചതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.
Also Read: ലോകായുക്ത ഭേദഗതി: ലക്ഷ്യം അഴിമതിക്കേസുകള്‍ തടയാനാണെന്ന് വി.ഡി സതീശന്‍
അഴിമതി നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതോടെ നിയമത്തിന്‍റെ പ്രസക്തി തന്നെ നഷ്‌ടപെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഏക ആശ്രയമായിരുന്നത് ലോകായുക്തയാണ്. ലോകായുക്ത നൽകുന്ന നിർദേശങ്ങൾ പൂർണമായി അനുസരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.
എന്നാൽ ഇനി മുതൽ ഒരു ഹിയറിങ് നടത്തി വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ നിരസിക്കാമെന്ന പുതിയ വകുപ്പ് കൂടി ലോകായുക്ത നിയമത്തിന്‍റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്‌തു ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
അതേസമയം ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. നിലവില്‍ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലാണ്.
Also Read: ലോകായുക്ത നിയമ ഭേദഗതി: തീരുമാനം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് കോടിയേരി