തിരുവനന്തപുരം : കേരളത്തിന്‍റെ സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി യുഡിഎഫ്.
അതേസമയം വിവാദ പ്രസ്‌താവന നടത്തിയ പാലാ ബിഷപ്പിന്‍റെ നടപടിയിലും പരാമര്‍ശം പിന്‍വലിക്കണമെന്ന മുസ്ലിം സംഘടനകളുടെ അഭിപ്രായ പ്രകടനത്തിലും യോഗം മൗനം പാലിച്ചു.
സംഭവം ഉണ്ടായി 14 ദിവസം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിച്ചത് കേരളത്തില്‍ സംഘര്‍ഷം തുടരട്ടെയെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നോ എന്ന് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് ഓമനപ്പേരിട്ട് വിളിച്ച പദ്ധതിയിലൂടെ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎം നടത്തിയ പദ്ധതിയുടെ പരിണിത ഫലമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
സാമുദായിക സംഘര്‍ഷം ലഘൂകരിക്കുന്ന നടപടികള്‍ യുഡിഎഫ് തുടരും. ഇക്കാര്യത്തില്‍ യുഡിഎഫിൽ ഭിന്നാഭിപ്രായമില്ല. മുന്നണിയുടെ അഭിപ്രായമാണ് ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ പറയുന്നത്.
യുഡിഎഫില്‍ അഭിപ്രായ വ്യത്യാസം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ജോസ് കെ. മാണി പറഞ്ഞതില്‍ മുഖ്യമന്ത്രിയുടെ നിലപാട് ആരായുകയാണ് വേണ്ടത്.
അദ്ദേഹത്തിന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും മതപരിവര്‍ത്തനമില്ലെന്ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കിയതെന്നും സതീശന്‍ പറഞ്ഞു.
ALSO READ: ഹയർസെക്കൻഡറിയിൽ അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
കേരളത്തെ രണ്ടായി വെട്ടിമുറിക്കുകയും നിരവധി പേരുടെ കിടപ്പാടം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന കെ-റെയില്‍ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതിയായിട്ടില്ല. പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനവും സാമൂഹികാഘാത പഠനവും നടത്തിയിട്ടില്ല. അലൈന്‍മെന്‍റും പൂര്‍ത്തിയായിട്ടില്ല.
അതിനിടയില്‍ സ്ഥലമേറ്റെടുക്കാന്‍ എന്താണിത്ര തിടുക്കമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബദല്‍ പാത വന്നാല്‍ അംഗീകരിക്കും. ഇക്കാര്യത്തില്‍ യുഡിഎഫിന്‍റെ അഭിപായം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.