തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഫെബ്രുവരി 23ന് തിരുവനന്തപുരത്തെത്തുന്നതോടെ യു.ഡി.എഫിന്‍റെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് ഏകദേശ രൂപമാകുമെന്ന് സൂചന. ഫെബ്രുവരി 1ന് കാസര്‍കോട് നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന പൊതു യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ തിരവനന്തപുരത്തെത്തുന്നത്. ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി വൈകിട്ട് മൂന്നിന് കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും വെവ്വേറെ ചര്‍ച്ച നടത്തും. അതിന് ശേഷം യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെ സംയുക്ത യോഗത്തെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.
മാണി സി കാപ്പന്‍റെ പുതിയ പാര്‍ട്ടിയെ ഘടക കക്ഷിയാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കെ.പി.സി.സിക്ക് രാഹുല്‍ അംഗീകാരം നല്‍കിയേക്കും. അതേസമയം മാണി.സി.കാപ്പനെ ഘടക കക്ഷിയാക്കുന്നതിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന പരസ്യ എതിര്‍പ്പിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യോജിപ്പില്ലാത്ത സാഹചര്യത്തില്‍ ഈ അഭിപ്രായത്തെയാകും രാഹുലും പിന്തുണയ്ക്കുകയെന്നും സൂചനകളുണ്ട്. വിജയ സാധ്യത നോക്കി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കണമെന്നു ഘടക കക്ഷികളോടു രാഹുല്‍ നിര്‍ദ്ദേശിക്കും. രാഹുല്‍ മടങ്ങിയാലുടന്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കും.