തിരുവനന്തപുരം: ഉദയംപേരൂർ വിദ്യ കൊലക്കേസിൽ തിരുനെൽവേലിയിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ശാസ്ത്രീയ തെളിവുകൾക്കായി ശേഖരിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. വിദ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരുനെൽവേലിയിലെ വള്ളിയൂരിന് സമീപം ഉപേക്ഷിച്ചെന്നായിരുന്നു പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഇത് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് വള്ളിയൂരിലെത്തി അന്വേഷണസംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
മൃതദേഹം വിദ്യയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമാണ് പൊലീസ് ശ്രമിക്കുന്നത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കൊലക്കേസിൽ പ്രതികളായ പ്രേം കുമാറിനെയും കാമുകി സുനിതയെയും തിരുനെൽവേലിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് റീ പോസ്റ്റ് മോർട്ടം നടപടികൾ നടത്തിയത്. സുഹൃത്തിൻ്റെ ഉപദേശപ്രകാരമാണ് പ്രതികൾ മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ചതെന്നാണ് മൊഴി.
കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതികൾ ആദ്യം തീരുമാനിച്ചത്. ഇതിനായി പ്രതി സുനിത ഓപ്പറേഷൻ ബ്ലേഡും വാങ്ങിയിരുന്നു. എന്നാൽ വിദ്യയുടെ കാലിൽ നിന്ന് ചോര വാർന്നതോടെയാണ് പദ്ധതി മാറ്റി കാറിൽ കയറ്റി മൃതദേഹം ഉപേക്ഷിച്ചത്. ഇതിനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.