തിരുവനന്തപുരം: ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വാൾ വീശി ആക്രമണം. പ്രതികളെ കീഴ്‌പ്പെടുത്തുന്നതിടയിൽ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്‌തു. കഠിനംകുളം ശാന്തിപുരം ജോൺഹൗസിൽ സാജൻ(19), സുഹൃത്ത് കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തിൽ ഷിജോ സാമുവേൽ(22) എന്നിവരെയാണ് എക്‌സൈസ് നെയ്യാറ്റിൻകര റെയ്ഞ്ചിലെ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്‌തത്.
സാജനാണ് ഉദ്യോഗസ്ഥനു നേരെ വാൾ വീശി ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവരുടെ പക്കൽ നിന്ന് നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഷിജോ സാമുവേലിന്‍റെ സ്‌കൂട്ടറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളളിയാഴ്‌ച രാത്രി ഒൻപതോടെ വിഴിഞ്ഞം-പൂവാർ റൂട്ടിൽ ചപ്പാത്ത് ജങ്ഷന് സമീപത്ത് നിന്നാണ് ഷിജോ സാമുവേലിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്ന് സാജനെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് സാജനേയും പിടികൂടി.
മയക്കുമരുന്ന് വാങ്ങി വിൽക്കുന്നതിന് പുറമേ ഇവർ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്‌ടർ എൽ.ആർ അജീഷ്, പ്രിവന്‍റീവ് ഓഫീസർ കെ. ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടോണി, ഉമാപതി, സതീഷ്‌കുമാർ, അനീഷ്, പ്രസന്നൻ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്‌തു.