കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ലേലനടപടികൾ തടയാതെ ഹൈക്കോടതി. ലേലനടപടികൾക്ക് കോടതി സ്റ്റേ അനുവദിച്ചില്ല. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് കേന്ദ്രസർക്കാരിന്‍റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. ഈവാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മുപ്പത് വർഷത്തിന് മുകളിൽ വിമാനത്താവളം പാട്ടത്തിന് നൽകണമെങ്കിൽ ലേലത്തിന് മുൻകൂർ അനുമതി വേണമെന്ന് ഹർജിക്കാർ വാദിച്ചു. അൻപത് വർഷത്തേക്കുള്ള പാട്ടമാണെന്നും അതിന് മുൻകൂർ അനുമതി ഉണ്ടായിരുന്നു എന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ലേല നടപടികളുടെ വിശദവിവരങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യവല്‍ക്കരണ നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ശ്രമം. ടെണ്ടറിൽ പ്രാഥമിക പരിഗണന സംസ്ഥാനത്തിന് നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ലേലത്തില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയെക്കാൾ ഉയര്‍ന്ന തുകയാണ് അദാനി രേഖപ്പെടുത്തിയത്. ലേലം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ വിമാനത്താവളത്തിന്‍റെ സ്വകാര്യവൽക്കരണം തടയാമെന്ന സംസ്ഥാന സർക്കാറിന്‍റെ പ്രതീക്ഷകൾ മങ്ങി.
തിരുവനന്തപുരത്ത് മാത്രമല്ല അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, മംഗലാപുരം വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്‍റെ ഭാഗമായ ലേലങ്ങളിലും വൻ തുക നിർദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം വ്യാഴാഴ്ചയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക. വിഴിഞ്ഞം തുറമുഖ കരാർ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്‍ റെചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങൾക്ക് വലിയ നേട്ടമാകും. ആർക്ക് നടത്തിപ്പ് കിട്ടിയാലും ശക്തമായ എതിർപ്പ് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നേരത്തെ മുഖ്യമന്ത്രി നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് എതിരെ എൽഡിഎഫ് സമരത്തിലാണ്.