തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടേറിയ വെള്ളറട ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥികൾക്കൊപ്പം വോട്ട് തേടിയെത്തുകയാണ് സീരിയൽ താരങ്ങളും. ത്രിതല ഗ്രാമപഞ്ചായത്തിലെ ആവേശകരമായ മത്സരം നടക്കുന്ന അഞ്ചുമരംകാല വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ശ്രീകലയ്ക്ക് വോട്ട് ചോദിച്ചാണ് ചലച്ചിത്ര സീരിയൽ താരങ്ങളായ അഞ്ചിതയും ശാലിനിയും എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകൾ കേറിയിറങ്ങി മിനിസ്‌ക്രീൻ താരങ്ങൾ കൂടി ഭാഗമാകുമ്പോൾ, നിയമസഭ തെരഞ്ഞെടുപ്പിൽ പോലും കാണാത്ത അനുഭവങ്ങളാണ് ഗ്രാമവാസികൾക്കിത്.
ശ്രീകലയ്ക്ക് വേണ്ടി വോട്ടു തേടി എത്തിയ നടി അഞ്ചിത പറയുന്നത് ഇങ്ങനെ... മെഴുകുതിരി ചിഹ്നത്തിൽ മത്സരിക്കുന്ന ശ്രീകല തന്‍റെ ചിഹ്നം കൂടി നൽകിയാണ് വോട്ടർമാരോട് വോട്ട് അഭ്യർഥന നടത്തുന്നത്. ഒരു പഞ്ചായത്ത് അംഗം അല്ലാതിരുന്നിട്ടും കാൻസർ രോഗികൾക്കുള്ള ധനസഹായം, കിടപ്പ് രോഗികൾക്കുള്ള കട്ടിൽ വിതരണം തുടങ്ങി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ള ശ്രീകലക്ക് വലിയ വിജയ പ്രതീക്ഷയുമുണ്ട്.
സിപിഎമ്മിന്‍റെ മുതിർന്ന പ്രവർത്തകനും കഴിഞ്ഞ കാലങ്ങളിൽ വാർഡിൽ നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ജനപ്രിയനുമായ നളിന കുമാറാണ് എൽഡിഎഫിന് വേണ്ടി ഇവിടെ ജനവിധി തേടുന്നത്. നളിന കുമാറും മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട്. സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്നുള്ളതാണ് യുഡിഎഫിന്‍റെ വെല്ലുവിളി. ബ്ലോക്ക് കോൺഗ്രസ് മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറി കൂടിയായ സി.ശശിധരനാണ് ഇവിടെ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അഞ്ചുമരം കാലയിൽ എൻഡിഎക്ക് ആധിപത്യം ഉറപ്പിക്കാൻ സജീവ പ്രവർത്തകനായ വിശാഖൻ ബി.എസിനെയാണ് പാർട്ടി കളത്തിൽ ഇറക്കിയിരിക്കുന്നത്. എന്തായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് താരങ്ങളെ ഇറക്കിയും, സ്‌ക്വാഡ് വർക്കുകൾ ചെയ്‌തും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥികളും മൂന്ന് മുന്നണികളും.