തിരുവനന്തപുരം : വരുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ സീസണില്‍ സംസ്ഥാനത്തെ മദ്യവിതരണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. ഡിസംബര്‍ ഒന്ന് മുതല്‍ വെയര്‍ഹൗസ് ചാര്‍ജ് ഇനത്തില്‍ മദ്യ കമ്പനികള്‍ ബെവ്‌കോയ്ക്ക് നല്‍കേണ്ട ക്യാഷ് ഡിസ്‌കൗണ്ട് 21.75 ശതമാനമായി വര്‍ധിപ്പിച്ച എം.ഡി ശ്യാം സുന്ദറിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കമ്പനികള്‍ മദ്യ വിതരണം നിര്‍ത്തി.
ഏഴ് ശതമാനമുണ്ടായിരുന്ന ക്യാഷ് ഡിസ്‌കൗണ്ടാണ് 21.75 ശതമാനമാക്കിയത്. ഇതോടെ ഒരു കമ്പനിക്ക് മാത്രം പ്രതിമാസ ബാധ്യത 350 കോടി വരുമെന്നാണ് അവരുടെ പ്രതിനിധികള്‍ പറയുന്നത്. ഇതിനുപുറമെ ബെവ്‌കോ അടച്ചിരുന്ന എക്‌സൈസ് തീരുവയും ഇനി മുതല്‍ കമ്പനികള്‍ നേരിട്ട് വഹിക്കണമെന്ന് ഡിസംബര്‍ ആറിന് പുറപ്പെടുവിച്ച ഉത്തരവില്‍ എം.ഡി വ്യക്തമാക്കി.
ALSO READ:Kerala Covid Updates : സംസ്ഥാനത്ത് 3972 പേര്‍ക്ക് കൂടി കൊവിഡ് ; 31 മരണം
ഈ സാഹചര്യത്തില്‍ ബെവ്‌കോയ്ക്ക് മദ്യം നല്‍കാനാകില്ലെന്ന് ഡിസ്റ്റലറി ഉടമകളും വിതരണക്കാരും തീരുമാനമെടുത്തു. തിങ്കളാഴ്ച മുതല്‍ ഉത്പാദനം നിര്‍ത്തിവയ്ക്കാനും മദ്യ ഉത്പാദന ശാലകളില്‍ ലേ ഓഫ് പ്രഖ്യാപിക്കാനും കമ്പനികള്‍ തീരുമാനിച്ചു. എന്നാല്‍ എക്‌സൈസ് ഡ്യൂട്ടി അടയ്‌ക്കേണ്ട ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലാണ് ബെവ്‌കോ. 21.75 ശതമാനം ക്യാഷ് ഡിസ്‌കൗണ്ട് അടയ്ക്കാത്തവയെയും, തിങ്കളാഴ്ച മുതല്‍ മദ്യ വിതരണം നിര്‍ത്തുന്നവയെയും കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
ഡിസംബര്‍ ഒന്നിന് ആരംഭിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. നിലവില്‍ രണ്ടാഴ്ചത്തേക്കുള്ള മദ്യം ബെവ്‌കോ വെയര്‍ഹൗസുകളില്‍ സ്‌റ്റോക്കുണ്ടെങ്കിലും പ്രതിസന്ധി നീണ്ടാല്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ സീസണില്‍ മദ്യം ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമുണ്ടാകുമെന്ന് വിതരണക്കാര്‍ പറയുന്നു. പ്രതിസന്ധിക്ക് പരിഹാരം തേടി കമ്പനി ഉടമകളും പ്രതിനിധികളും എക്‌സൈസ് മന്ത്രിയെ സമീപിച്ചെങ്കിലും തീരുമാനമായില്ല.
300 കോടിയോളം രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോയെ കരകയറ്റുന്നതിനായാണ് പുതിയ പരിഷ്‌കാരങ്ങള്‍. എന്നാല്‍ മദ്യത്തിന് ദൗര്‍ലഭ്യമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ വിറ്റുവരവിനെ ബാധിക്കുമെന്നത് ബെവ്‌കോയ്ക്ക് തിരിച്ചടിയാകും.