തിരുവനന്തപുരം : മൃഗശാലയിൽ കൂടെയുള്ള പെരുമ്പാമ്പിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ മുഴുവൻ എണ്ണത്തേയും പ്രത്യേകം കൂടുകളിലേക്ക് മാറ്റി. വീണ്ടുമൊരു പാമ്പിനുകൂടി പരിക്ക് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം കൂടെയുള്ള പെരുമ്പാമ്പിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിനാണ് മറ്റൊരു പെരുമ്പാമ്പിൽ നിന്ന് ഗുരുതരമായി പരിക്കേറ്റത്(Trivandrum zoo). പെരുമ്പാമ്പിന്‍റെ ദേഹത്ത് വലുതും ചെറുതുമായ ഇരുപതോളം മുറിവുകളാണ് ഉണ്ടായിരുന്നത്.
രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇത് പൂർവസ്ഥിതിയിലാക്കിയത്.പരിക്കുകള്‍ക്ക് പത്ത് മണിക്കൂറിലേറെ പഴക്കമില്ലെന്നും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഈ പാമ്പ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങി വരുന്നതായി മൃഗശാല ക്യൂറേറ്റര്‍ സംഗീത മോഹന്‍ അറിയിച്ചു. ബുധനാഴ്‌ച രാവിലെ ഡ്യൂട്ടിക്കെത്തിയ മൃഗശാലയിലെ കീപ്പർ സനൽ, സൂപ്പർവൈസർ സജി എന്നിവരാണ് പെരുമ്പാമ്പിനെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്.
തുടർന്ന് സൂ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഹൗസ് സർജന്മാരായ ഡോ. അഭിനന്ദ്, ഡോ. ശ്രീലക്ഷ്‌മി, ഡോ. സഫ്‌ദർ, ഡോ. രേണു, ഡോ. അന്ന, ഡോ. അഭിരാം ലൈവ്‌സ്റ്റോക്ക് (Live Stock Inspector) ഇൻസ്‌പെക്‌ടർ രഞ്ജിത് കുമാർ, ലാബ് അസിസ്റ്റന്‍റ് സുധിൻ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനുപിന്നാലെയാണ് വീണ്ടുമൊരു പാമ്പിനുകൂടി പരിക്ക് കണ്ടെത്തിയത്.
കൂടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അതിൽ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേകം കൂടുകളിലേക്ക് മാറ്റിയത്. മൃഗശാലയിൽ റെറ്റിക്കുലേറ്റഡ് പൈത്തണ്‍ ഇനത്തിൽപ്പെട്ട അഞ്ച് പെരുമ്പാമ്പുകളാണ് നിലവിലുള്ളത്. രണ്ട് പാമ്പുകൾക്കാണ് പരിക്ക് സംഭവിച്ചത്. മറ്റുപാമ്പുകളെ വിശദമായി പരിശോധിച്ചെങ്കിലും ഇവർക്ക് പരിക്ക് സംഭവിച്ചിട്ടില്ല. കൂടിനുള്ളിലെ പാറകൾ ഉൾപ്പടെ വീണ്ടും സിമന്‍റിട്ട് പുനഃക്രമീകരിച്ചിട്ടുണ്ട്.
Also Read: കളള് ഷാപ്പിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി
തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലെ പെരുമ്പാമ്പ് ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും നീളം കൂടിയ പാമ്പ് വർഗം (The Longest Snake). മാത്രമല്ല ഭാരത്തിന്‍റെ കാര്യത്തിൽ ഗ്രീൻ അനക്കോണ്ടയ്‌ക്കും (Green Anaconda) ബർമീസ് പൈത്തണും (Burmese Python) ശേഷം മൂന്നാം സ്ഥാനമാണ് ഇവയ്ക്ക്.