തിരുവനന്തപുരം : രാവിലെ എട്ട് മണിക്ക് അടുപ്പിൽ കഞ്ഞിവയ്ക്കുന്നത് മുതൽ ആരംഭിക്കും തിരുവനന്തപുരം മൃഗശാലയിലെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണത്തിനായുള്ള ഒരുക്കങ്ങളും. കാലിത്തീറ്റ മിക്‌സ് ചെയ്‌തും പച്ചക്കറികളും പഴവർഗങ്ങളും നുറുക്കിയും പുല്ല് അരിഞ്ഞും വൈകുന്നേരം വരെ സജീവമാകും മൃഗശാല അടുക്കള.
ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനം ഉൾപ്പടെ അഞ്ച് തത്തകളുണ്ട് മൃഗശാലയിൽ. രാവിലെ പത്തര മുതൽ മൂന്ന് നേരമാണ് ഇവയ്ക്ക് ഭക്ഷണം നൽകുന്നത്. മുളപ്പിച്ച കടല, പയർ, ബദാം കപ്പലണ്ടി എന്നിവ 50 ഗ്രാം വീതവും ഒരു കഷ്ണം മത്തൻ, ഒരു കാരറ്റ്, അഞ്ച് വള്ളി പയർ, രണ്ട് സലാഡ് വെള്ളരി എന്നിവ കഷ്ണങ്ങളാക്കിയുമാണ് ഓരോ തത്തകൾക്കും രാവിലെ പത്തരയ്ക്ക് നൽകുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് പകുതി വീതം ആപ്പിൾ, പേരയ്ക്ക, ഏത്തൻ പഴം, രസകദളി പഴം, മാതളം, പപ്പായ, ഒരു കഷ്‌ണം തണ്ണി മത്തൻ എന്നിവ ചെറു കഷ്‌ണങ്ങളായി മുറിച്ച് നൽകും. വൈകിട്ട് 4 മണിക്ക് 50 ഗ്രാം വീതം സൂര്യകാന്തി വിത്ത്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി, ചോളം എന്നിവയാണ് മിക്സ് ചെയ്‌ത് നല്‍കുന്നത്.
പാല്‍ പ്രിയരായ സിംഹവാലന്മാര്‍ : ഇതാണ് കുട്ടനും ബിന്ദുവും. സിംഹവാലൻ ഇനത്തിൽപ്പെട്ട കുരങ്ങുകളാണ്. അനിമൽ കീപ്പർ ശ്രീജിത്ത് ആഹാരവും കൊണ്ടുവരുന്നതും കാത്തുള്ള ഇരിപ്പാണിത്.
കുട്ടനും ബിന്ദുവും മാത്രമല്ല രാമു, ലക്ഷ്‌മൺ, രാമൺ, കണ്ണൻ, അമ്മു, മഞ്ജു ഇവരെല്ലാം ശ്രീജിത്തിനെയും കാത്തുള്ള ഇരിപ്പാണ്. പാൽ വായിലൊഴിച്ച് കൊടുത്താലേ ഇവർ കുടിക്കൂ.
മുട്ട കയ്യിൽ കൊടുക്കണം. വെള്ള കളഞ്ഞ് മഞ്ഞ മാത്രം കഴിക്കും. രാവിലെ 11 മണിക്ക് മാത്രമാണ് ഇവയ്ക്ക് അഹാരം കൊടുക്കുന്നത്.
ഒരു നേന്ത്രപ്പഴം, രസകദളി പഴം, മോറിസ് പഴം, ആപ്പിൾ, പേരയ്ക്ക, ഓറഞ്ച്, തക്കാളി, സലാഡ് വെള്ളരി, ഒരു കഷ്‌ണം തണ്ണിമത്തൻ, ഒരു കഷ്‌ണം പപ്പായ, ഒരുപിടി ചീര, വലിയ രണ്ട് വള്ളി പയർ, ഒരു മുറി തേങ്ങ എന്നിവ കഷ്‌ണങ്ങളാക്കി നൽകും. 300 മില്ലി ലിറ്റർ പാലാണ് ഓരോ കുരങ്ങുകൾക്കും നൽകുന്നത്.
മുള്ളന്‍ പന്നികള്‍ക്ക് ഇഷ്‌ടം പഴങ്ങളോട്: മൃഗശാലയിൽ 25 മുള്ളൻപന്നികളാണുള്ളത്. രാവിലെ 11 മണിക്ക് മാത്രമാണ് ദിവസേന ഇവയ്ക്ക് ആഹാരം നൽകുന്നത്. ഒരു മുള്ളൻപന്നിക്ക് ഒന്നു വീതം നേന്ത്രപ്പഴം, മരച്ചീനി, വെള്ളരി, പാളയംകോടൻ പഴം, രസകദളി പഴം, ഒരു പിടി ചീര, മൂന്ന് വള്ളി പയർ, രണ്ട് പേരയ്ക്ക, ഒരു കഷ്‌ണം തണ്ണി മത്തൻ, ഒരു കഷ്‌ണം പപ്പായ എന്നീ പഴവർഗങ്ങൾ കഷ്‌ണങ്ങളാക്കിയാണ് നൽകുന്നത്.
നകുലിന്‍റെയും നികുലിന്‍റെയും ആഹാരക്രമം ഇങ്ങനെ: ഹിമാലയൻ കരടിയാണ് നകുല്‍. കുളി കഴിഞ്ഞ് രാവിലത്തെ ആഹാരമെത്തിയില്ലെങ്കില്‍ പരക്കംപാച്ചിലാണ്.
മൂന്ന് നേരമാണ് ഇരുവർക്കും ഭക്ഷണം. രാവിലെ പത്തര മണിക്ക് ആദ്യത്തെ ആഹാരമെത്തും. നാലര കിലോ തണ്ണിമത്തൻ, ഒരു കിലോ മുന്തിരി, രണ്ട് ആപ്പിൾ, രണ്ട് മാതളം, രണ്ട് വെള്ളരി, നാല് സലാഡ് വെള്ളരി, 300 ഗ്രാം തേങ്ങ എന്നിവയാണ് രാവിലെ 10:30 ന് നകുലിന് നൽകുന്നത്.
പന്നിക്കരടിയായ നികുലിന് രണ്ട് കിലോ തണ്ണി മത്തൻ, നാല് വീതം കരിമ്പ്, പേരയ്ക്ക, അപ്പിൾ, തക്കാളി, 250 ഗ്രാം മുന്തിരി, അര ലിറ്റർ പാൽ, രണ്ട് മുട്ട എന്നിവയാണ് നൽകുന്നത്. 11:30 ന് ശേഷം മൂന്ന് മുട്ടയും അര കിലോ ചോറും 200 മില്ലീ ലിറ്റർ തേനും ചേർത്ത് ഇരുവർക്കും നൽകാറുണ്ട്. രണ്ട് മണിക്ക് ഒരു ബക്കറ്റിൽ ഐസും രണ്ട് വീതം തണ്ണിമത്തനും ചേർത്ത് ഇരുവർക്കും നൽകും. പന്നിക്കരടിയായ നികുലിന് വൈകിട്ട് നാല് മണിക്ക് രണ്ട് കിലോ ഗോതമ്പ് കഞ്ഞിയും കൊടുക്കും.
മാംസഭോജികള്‍ക്ക് ഒരു ദിവസം ആഹാരമില്ല: ഇത് മനു, ബംഗാൾ കടുവയാണ്. 15 വയസ് പ്രായമുണ്ട്. ഇറച്ചി നൽകാൻ വൈകിയതിൻ്റെ പരിഭ്രമവും അൽപം പരാക്രമവും ആ മുഖത്ത് കാണാം.
മാംസഭോജികൾക്ക് രാവിലെ ഒരു നേരമാണ് ആഹാരം. 11:30ന്. മനുവിനെ കൂടാതെ രാഹുലും വെള്ളക്കടുവകളായ മലറും ശ്രാവണും ഇവിടെയുണ്ട്. രാഹുലിനും 15 വയസാണ് പ്രായം.
മലറിന് 6 വയസും ശ്രാവണിന് 5 വയസുമാണ് പ്രായം. മനുവിനും മലറിനും 6 കിലോ ഇറച്ചിയും രാഹുലിനും ശ്രാവണിനും 5 കിലോ ഇറച്ചിയുമാണ് നൽകുന്നത്. ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം ഇവയ്ക്ക് ഭക്ഷണം നൽകില്ല.
രണ്ട് സിംഹങ്ങളാണ് നിലവിൽ മൃഗശാലയിലുള്ളത്. ആയുഷും ഗ്രേസിയും. ആയുഷിന് 20 വയസിലധികം പ്രായമുണ്ട്. പ്രായമായത് കാരണം ആയുഷിനെ മൃഗശാല ആശുപത്രിയിലാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. രാവിലെ 11:30ന് നാല് കിലോ ഇറച്ചി ആയുഷിന് നൽകും.
സന്ദർശകരെ ഗർജനത്തോടെ സ്വീകരിക്കുന്ന ഏക സിംഹമാണ് ഗ്രേസി. ഇവൾക്ക് 7 വയസാണ് പ്രായം. 3 കിലോ ഇറച്ചിയാണ് ഗ്രേസിക്ക് നൽകുന്നത്.
ശംഭുവിന് ആഹാരം മൂന്ന് നേരം: ശംഭു എന്ന ആൺതരി മാത്രമാണ് മൃഗശാലയിലെ ഏക കാണ്ടാമൃഗം. മൂന്ന് നേരമാണ് ഇവന് ആഹാരം. രാവിലെ 10.30 ന് രണ്ട് കിലോ വീതം കാരറ്റ്, തണ്ണിമത്തനും 3 വലിയ വെള്ളരിയും 1 കിലോ വള്ളി പയറും നൽകും.
വൈകിട്ട് നാല് മണിക്ക് കാലിത്തീറ്റയും ഗോതമ്പ് തവിടും ചോറും ചേർത്ത് 15 കിലോ നൽകും. മാൻ, കൃഷ്ണമൃഗം, നീലക്കാള എന്നിവയ്ക്ക് രാവിലെ 10.30 ന് തീറ്റപ്പുല്ലും പ്ലാവിലയും നൽകും. 11.30 ന് കാലിത്തീറ്റ, പരുത്തിക്കുരു, ചെറുപയർ, കടല, കാരറ്റ്, ഗോതമ്പ് തവിട് എന്നിവ ചേർത്ത് 3 കിലോ വീതം ഓരോന്നിന് നൽകും. ഇങ്ങനെ നീളുന്നു മൃഗശാലയിലെ മൃഗങ്ങളുടെ ഒരു ദിവസത്തെ മെനു.
ഇതിനെക്കാളുപരി അനിമൽ കീപ്പർമാർക്ക് മൃഗങ്ങളോടുള്ള വാത്സല്യവും കരുതലും സ്നേഹവുമാണ് ഹൃദ്യമായ കാഴ്ചയും അനുഭവവും.