തിരുവനന്തപുരം: മത്സ്യകൃഷിയിൽ നൂറുമേനി കൊയ്‌ത് വിജയം നേടിയിരിക്കുകയാണ് നെടുമങ്ങാട് പൂവത്തൂർ സ്വദേശി ഷംനാദ് എന്ന യുവ കർഷകൻ. ലോക്ക് ഡൗൺ കാലത്ത് വരുമാനം നിലച്ച് ജീവിതം പ്രതിസന്ധിയിലായതോടെയാണ് ഷംനാദ് മത്സ്യകൃഷി ആരംഭിച്ചത്. നഗരസഭയുടെ സഹായത്തോടെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലഭിച്ച 2000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഷംനാദ് വീടിനോട് ചേർന്ന് മൂന്ന് ഭാഗത്തായി കൃഷി ഇറക്കിയത്. അനാബസ്, സലോപിയ, അറ്റുവാള ഇനത്തിൽപ്പെടുന്ന മത്സ്യങ്ങളെയാണ് ഷംനാദ് വളര്‍ത്തിയത്.
ഫിഷറീസ് വകുപ്പിന്‍റെ മേൽനോട്ടം കൂടി ഉണ്ടായതോടെ 200 മുതൽ 600 ഗ്രാം വരെ തൂക്കം വരുന്ന മത്സ്യങ്ങളാണ് ആറുമാസംകൊണ്ട് ഷംനാദ് വിളവെടുത്തത്. മത്സ്യ കൃഷി മാനസിക ഉല്ലാസം സമ്മാനിക്കുന്നതിന് പുറമെ ലാഭകരമാണെന്നും മുപ്പത്തൊമ്പതുകാരനായ ഈ യുവ കര്‍ഷകന്‍ പറയുന്നു.