തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീട് നിർമാണത്തിന്‍റെ ചെലവ് കുത്തനെ കൂടി. നിർമാണ സാമഗ്രികളുടെ വില വർധനവും തൊഴിലാളികളുടെ കൂലി വർധനവും മൂലം സാധാരണക്കാരന്‍റെ വീടു നിർമാണം പ്രതിസന്ധിയിലായി. കൊവിഡിന് മുൻപേ പണിയാരംഭിച്ച വീടുകൾ മിക്കതും ഇനിയും പൂർത്തിയായിട്ടില്ല. ഇഷ്ടിക മുതൽ സിമന്‍റ് വരെയുള്ള നിർമാണ സാമഗ്രികളുടെ വില കൂടി. ലോക്ക് ഡൗണിന് മുൻപേ കരാറുറപ്പിച്ച നിരക്കിൽ വീട് പൂർത്തിയാവില്ല. നിർമാണ സാമഗ്രികളുടെ ഇപ്പോഴത്തെ വിലയനുസരിച്ച് പത്തു ശതമാനമെങ്കിലും ചെലവ് കൂടും.
കേരളത്തിലെ നിർമാണ മേഖലയിൽ പ്രധാന ഘടകമായ അതിഥി തൊഴിലാളികൾ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയതും തിരിച്ചടിയായെന്ന് പ്രൈം ബില്‍ഡേഴ്‌സ് ഡയറക്ടർ സാജൻ വേളൂർ പറഞ്ഞു. നാട്ടിലെ തൊഴിലാളികളെ ആശ്രയിച്ചാണ് ഇപ്പോൾ നിർമാണം. ഇവർക്ക് ആണെങ്കിൽ ജോലിസമയം കുറവും കൂലി കൂടുതലാണെന്നും സാജൻ പറയുന്നു. നിർമാണത്തിലിരുന്ന പ്രവാസികളുടെ വീടുകൾ പലതും പാതിവഴിയിലാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടു മടങ്ങിയ ഇവരിൽ ഏറെപ്പേർക്കും നിലവിലെ സ്ഥിതിയിൽ വീട് പൂർത്തീകരിക്കാനാവില്ലെന്നും സാജൻ പറയുന്നു.