തിരുവനന്തപുരം: മാനം തെളിഞ്ഞെങ്കിലും പെയ്‌തൊഴിയാത്ത ദുരിതത്തിലേക്കാണ് കഴിഞ്ഞ ഞായറാഴ്‌ചത്തെ മഴ തലസ്ഥാന വാസികളെ തള്ളിവിട്ടത് (Trivandrum Floods). പ്രളയ കാലത്ത് പോലും വെള്ളം കയറാത്ത വീടുകളിൽ നിന്നും വെള്ളം ഒഴുകി പോകാൻ തന്നെ ഇത്തവണ രണ്ട് ദിവസമെടുത്തു. നഗരത്തിൽ പാർവതി പുത്തനാറിന്‍റെയും ആമയിഴഞ്ചാൻ തോടിന്‍റെയും കരയിലെ വീടുകൾ വെള്ളം കയറി നശിച്ചപ്പോൾ ഗ്രാമീണ മേഖലയിൽ ലക്ഷങ്ങളുടെ കൃഷി നാശമാണ് വെള്ളക്കെട്ട് വിതച്ചത് (Heavy rain in Trivandrum caused huge damage).
സമയബന്ധിതമായി നീർച്ചാലുകൾ വൃത്തിയാക്കാത്തതും ഇരുട്ടിന്‍റെ മറവിൽ മാലിന്യം കൊണ്ട് തള്ളുന്നവരുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വള്ളക്കടവ് പുത്തൻപാലം സ്വദേശികൾ ആരോപിക്കുന്നു. അധികൃതർ ഈ ഭാഗത്തേക്ക് തിരഞ്ഞു നോക്കാറേയില്ലെന്ന് ഉപജീവനമായ ഓട്ടോറിക്ഷ വെള്ളം കയറി നശിച്ച വള്ളക്കടവ് സ്വദേശി രാജേഷ് പറയുന്നു.
അതേസമയം ക്യാമറ സ്ഥാപിക്കാതെ തന്നെ 'നിങ്ങൾ ക്യാമറ നിരീക്ഷണത്തിൽ' ആണെന്ന അപഹാസ്യമായ ബോർഡും തൊട്ടു താഴെ മാലിന്യം നിറഞ്ഞ പാർവതി പുത്തനാറും ഇവിടെ കാണാനാകും. കരാളി റോഡ് സ്വദേശികളായ തമ്പിക്കും പ്രസന്നയ്‌ക്കും 44 വർഷമായി അവരുടെ ഏക ഉപജീവന മാർഗമായിരുന്ന പെട്ടിക്കടയാണ് കനത്ത മഴയെ തുടർന്ന് നഷ്‌ടമായത്. സമീപത്തുള്ള മരം കടപുഴകിയപ്പോൾ പെട്ടിക്കടയും സാധനങ്ങളും ഒന്നാകെ പാർവതി പുത്തനാറിൽ പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കടയിലുണ്ടായിരുന്ന പ്രസന്ന തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
ദുരിതക്കയം താണ്ടി തിരുവനന്തപുരം : അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിലെ പ്രയാസത്തിൽ നിന്ന് തിരികെ വന്ന് തിരുവനന്തപുരം നഗരം. ശനിയാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിൽ മുങ്ങിയ നഗരം നേരിട്ടത് വലിയ നാശനഷ്‌ടങ്ങളാണ്. പല വീടുകൾക്കും വലിയ നിലയിൽ കേടുപാടുകൾ സംഭവിച്ചു. പലരുടെയും ഇലക്‌ട്രോണിക് ഉപകരണങ്ങളും കിടക്കകളും കുട്ടികളുടെ പുസ്‌തകങ്ങളുമടക്കം വലിയ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്.
ക്യാൻസർ രോഗികളുടെയടക്കം മരുന്നുകളും നാശമായിട്ടുണ്ട്. മഴ മാറി വെള്ളം ഇറങ്ങിയതിന് പിന്നാലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയവരൊക്കെയും തിരികെ വീട്ടിലേക്ക് വരികയാണ്. പകർച്ചവ്യാധികൾ പകർന്നു പിടിക്കുന്നതിനാൽ മെഡിക്കൽ ക്യാമ്പുകളും നഗരത്തിൽ തുറന്നിട്ടുണ്ട്.
മഴക്കാലങ്ങളിൽ വെള്ളം കയറാറുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ദുരിത പെയ്‌ത്ത് ഇതാദ്യമാണ്. ജില്ലയിൽ പലയിടത്തും വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളും കൺട്രോൾ റൂമുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
മഴയെ തുടർന്ന് ഇന്നലെ സംസ്ഥാനത്തെ തിരുവനന്തപുരം ഉൾപ്പടെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാത ചുഴി വന്നതിന് പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.