തിരുവനന്തപുരം: ജില്ലയിൽ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും രണ്ട് പേർ അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.
ഗൾഫിൽ നിന്നെത്തിയ രോഗബാധിതൻ പൂന്തുറ സ്വദേശിയാണ്. കർണ്ണാടകയിൽ നിന്നെത്തിയ ശ്രീകാര്യം സ്വദേശിയും ഡൽഹിയിൽ നിന്നെത്തിയ കാട്ടാക്കട സ്വദേശിയുമാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രോഗബാധിതർ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച നെയ്യാറ്റിൻകര സ്വദേശിയായ 13കാരൻ കഴിഞ്ഞ ദിവസം രോഗം ബാധിച്ചവർക്കൊപ്പം മുബൈയിൽ നിന്ന് കാറിൽ വന്നതാണ്. പ്രാഥമിക സമ്പർക്ക പട്ടികയിൽ തന്നെ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ്. നാവായിക്കുളം സ്വദേശിയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകൻ. നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ ആയ ഇയാൾ ഒറ്റൂരിൽ രോഗം സ്ഥിരീകരിച്ചയാളുമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ രോഗം സ്ഥിരീകരിച്ച വെഞ്ഞാറമൂട് സ്വദേശിക്ക് എവിടെ നിന്നാണ് രോഗം വന്നത് എന്ന് കണ്ടെത്താനായിട്ടില്ല. ഇയാളുടെ റൂട്ട് മാപ്പും സമ്പര്‍ക്കപട്ടികയും തയാറാക്കുകയാണ് ജില്ലാ ഭരണകൂടം. മദ്യകടത്ത് കേസിൽ പിടിയിലായ ആൾക്കാണ് രോഗബാധ. ഇതേ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത പൊലീസുകാർ ഉൾപ്പെടെ നിരീക്ഷണത്തിലാണ് .