തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറിയ കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കി നിയമസഭ. പ്രമേയ അവതരണത്തിനെ സഭ സാക്ഷിയായത് ശക്തമായ ഭരണ പ്രതിപക്ഷ പോരിനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. സ്വകാര്യവല്‍കരണം സംസ്ഥാനത്തിന്‍റെ പൊതുവികാരമല്ലെന്നും അത് സംരക്ഷിക്കണമെന്നുമായിരുന്നു പ്രമേയം.
ന്യായമായ കാര്യങ്ങൾക്ക് പോലും പ്രതിപക്ഷം ഒപ്പം നിൽക്കുന്നില്ലെന്ന് പരാതി പറയുകയാണ് മുഖ്യമന്ത്രിയെന്നും ഇത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവള വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു. അദാനിയുമായി ബന്ധമുള്ള സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനിയെ ലേല നടപടികൾക്കായുള്ള കൺസൾട്ടൻസിയായി നിയമിച്ചത് ക്രിമിനൽ ഗൂഡാലോചനയാണ്. ഒരു നടപടി ക്രമവും പാലിക്കാതെയാണ് കൺസൾട്ടൻസി കരാർ നൽകിയിരിക്കുന്നത്. സർക്കാറിന്‍റെ നിലപാട് ഇരട്ടത്താപ്പാണ്. എന്നിരുന്നാലും സംസ്ഥാന താല്‍പര്യം മാത്രം കണക്കിലെടുത്ത് പ്രമേയത്തെ അനുകൂലിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ നിലപാട് നിർഭാഗ്യകരമാണെന്നും അവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കള്ളക്കളികളുടെ മേൽക്കൈ നേടാനാണ് പ്രതിപക്ഷ ശ്രമം. ഇതിനായുള്ള വല്ലാത്ത വെപ്രാളത്തിലാണ് പ്രതിപക്ഷം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത്. പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായും ആരോപണമുയർന്നു.
സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനിയുടെ നിയമ വൈദഗ്ദ്ധ്യം മാത്രമാണ് പരിശോധിച്ചതെന്നും ഭിന്ന താല്‍പര്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ലേല തുക സംബന്ധിച്ച് ഈ കമ്പനിക്ക് ഒരു അറിവും ഇല്ലായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ നിയമസഭ പ്രമേയം പാസാക്കി. പി.സി ജോർജും പ്രമേയത്തെ അനുകൂലിച്ചു. ഏക ബി.ജെ.പി അംഗമായ ഒ.രാജഗോപാൽ പ്രമേയ അവതരണ സമയത്ത് നിയമസഭ നടപടിക്രമത്തിൽ പങ്കെടുത്തില്ല.