തിരുവനന്തപുരം: അരുവിക്കരയിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന ജി. സ്റ്റീഫനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍, വി.കെ മധുവിനെതിരെ അന്വേഷണത്തിന് സമിതിയെ നിയമിച്ച് സി.പി.എം. പാര്‍ട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ വി.കെ മധുവിനെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയായി സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനഘട്ടത്തിലാണ് സ്റ്റീഫന്‍ സ്ഥാനാര്‍ഥിയായെത്തിയത്.
സ്ഥാനാര്‍ഥിയാകാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനം
സി.പി.എം സംസ്ഥാന സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടം മുതല്‍ വി.കെ മധു വിട്ടുനിന്നു. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വി.കെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ മത്സരിക്കുന്നത് ലക്ഷ്യമിട്ട് ജില്ല പഞ്ചായത്തിന്‍റെ റോഡുകള്‍ അടക്കമുള്ള പ്രധാന പദ്ധതികളില്‍ പലതും അരുവിക്കരയിലാണ് മധു നടപ്പിലാക്കിയത്.
'തന്നിഷ്ടം' പ്രചരണത്തെ ബാധിച്ചു
അവസാന നിമിഷം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതോടെ മധുവും കൂടെയുള്ളവരും വലിയ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഇത് ആദ്യഘട്ടത്തിലെ പ്രചരണ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന അഭിപ്രായം. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെ.സി വിക്രമന്‍ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍.
സ്റ്റീഫന്‍റെ ജയം, കോണ്‍ഗ്രസിന്‍റെ കുത്തക തകര്‍ത്ത്
രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സി.പി.എം, സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. മുപ്പതുവര്‍ഷത്തെ കോണ്‍ഗ്രസിന്‍റെ കുത്തക തകര്‍ത്താണ് ഇക്കുറി ജി സ്റ്റീഫന്‍ അരുവിക്കരയില്‍ നിന്നും ജയിച്ചു കയറിയത്. സിറ്റിങ് എം.എല്‍.എയായിരുന്ന കെ.എം ശബരിനാഥനെ അട്ടിമറിച്ചാണ് ജി സ്റ്റീഫന്‍ എം.എല്‍.എയായത്.
ALSO READ: മീനില്‍ മായം കണ്ടാല്‍ വിളിക്കാം: കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്