തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാലിന്‍റെ ഭാര്യയും രണ്ടാം പ്രതിയുമായ സിമിയെ ഇന്ന് ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സിമിയെ ചോദ്യം ചെയ്യുക. ട്രഷറിയില്‍ നിന്നും തട്ടിച്ച പണം സിമിയുടെ അക്കൗണ്ടിലേക്കാണ് ബിജുലാല്‍ മാറ്റിയത്. തട്ടിപ്പ് സംബന്ധിച്ച് സിമിക്ക് അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് സിമിയെ കേസിലെ രണ്ടാം പ്രതിയാക്കിയത്. എന്നാല്‍ തട്ടിപ്പ് സംബന്ധിച്ച് ഒരു അറിവുമില്ലെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദസന്ദേശത്തില്‍ സിമി വ്യക്തമാക്കിയത്.
തട്ടിപ്പ് സംബന്ധിച്ച് അറഞ്ഞത് വാര്‍ത്തകളില്‍ നിന്നാണ്. തന്നെ പ്രതിയാക്കിയത് അനീതിയാണെന്ന് സിമി പറയുന്നു. കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമം. തട്ടിപ്പ് നടത്തിയ ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ധനവകുപ്പിലെ സീനിയര്‍ അക്കൗണ്ടന്‍റായ ബിജുലാലിനെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജുലാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവന്ന രണ്ട് കോടിയുടെ തട്ടിപ്പ് കൂടാതെ 75 ലക്ഷത്തിന്‍റെ മറ്റൊരു തട്ടിപ്പ് കൂടി ബിജുലാല്‍ നടത്തിയെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തുകകളിലായി പലപ്പോഴായാണ് ഈ തട്ടിപ്പുകള്‍ നടത്തിയത്. ഇത് പിടിക്കപെടാതിരുന്നതോടെയാണ് വലിയ തട്ടിപ്പ് ബിജുലാല്‍ നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.