തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ക്ക് വിലക്ക്. ആചാരങ്ങള്‍ക്ക് അനുസരിച്ചല്ലാതെയുള്ള ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ പാടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. 1240 ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖയ്ക്കുള്ള വിലക്ക് ബാധകമായിരിക്കും.
ശാഖാ പ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്രം ജീവനക്കാര്‍ തന്നെ അത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉത്തരവിലുള്ളത്. കമ്മിഷണറുടെ ഓഫീസില്‍ ഇക്കാര്യം ഉടന്‍ തന്നെ അറിയിക്കണം. ഇക്കാര്യത്തില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് ശാഖാപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നടപടി.