തിരുവനന്തപുരം: ട്രെയിനുകൾ റദ്ദാക്കിയതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രാക്കാരുടെ തിരക്ക് വർധിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാനുള്ള ജാഗ്രത നിർദ്ദേശം നിലനിൽക്കെ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേ സമയം പൊതുഗതാഗതം പൂർണ്ണമായി നിർത്തി വെയ്ക്കാനാകില്ലെന്നും ബസുകളിൽ സീറ്റ് ക്രമീകരണം നടപ്പാക്കുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
ഇന്ന് രാവിലെ തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രാക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയ്ക്ക് പുറത്തേയ്ക്കുള്ള യാത്രാക്കാർ പൂർണമായും കെ.എസ്.ആർ.ടി.സിയെയാണ് ആശ്രയിക്കുന്നത്. എറണാകുളം, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊല്ലം കരുനാഗപ്പള്ളിയിൽ 90 യാത്രാക്കാരുമായാണ് ബസ് സർവീസ് നടത്തിയത്.
ജില്ലയ്ക്ക് അകത്ത് സർവീസ് നടത്തുന്ന ബസുകളിലും തിരക്കിന് കുറവില്ല. 106 യാത്രക്കാരുമായാണ് നെയ്യാറ്റിൻകരയിൽ നിന്നും കിഴക്കേകോട്ടയ്ക്കുള്ള പാസഞ്ചർ സർവീസ് നടത്തിയത്. ഇതോടെ കെ.എസ്. ആർ.ടി.സി സർവീസുകൾ താൽകാലികമായി നിർത്തിവെയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തിരക്ക് വർധിച്ചതോടെ കൊല്ലം - തിരുവനന്തപുരം തീരദേശ പാതയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. അത്യാവശ്യ യാത്രാക്കാരെ മാത്രമാണ് ഇതുവഴി കടത്തി വിടുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകളായ എ.സി, ചിൽ ബസുകൾ താൽകാലികമായി നിർത്തി വെയ്ക്കാൻ ചീഫ് ട്രാഫിക് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ബസുകളിൽ മാർച്ച് 31 വരെയുള്ള റിസർവേഷൻ റദ്ദാക്കി. കെ.എസ്.ആർ.ടി.സിയുടെ അന്തർ സംസ്ഥാന സർവീസുകളും താൽകാലികമായി നിർത്തിവെച്ചു. കർണാടകയിൽ നിന്നും കേരളത്തിലേയ്ക്കുള്ള സർവീസുകൾ മാർച്ച് 31 വരെ നിർത്തലാക്കിയിട്ടുണ്ട്.