തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത നിറം ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധവുമായി ടൂറിസ്‌റ്റ് ബസ് ഉടമകളുടെ സംഘടനയായ കോൺട്രാക്‌ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (CCOA). ഗതാഗത വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച ഉണ്ടാകണമെന്ന് സിസിഒഎ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് മാഹീൻ പറഞ്ഞു.
ഏകീകൃത കളർ കോഡ് സംവിധാനം നടപ്പിലാക്കാൻ സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിസിഒഎയുടെ നേതൃത്വത്തിൽ ബസുടമകളും ജീവനക്കാരും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് കലാഭവൻ തിയേറ്ററിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഇവർ റോഡ് ഉപരോധിച്ചു.
ടൂറിസ്‌റ്റ് ബസ് വ്യവസായത്തെ സംരക്ഷിക്കുക, ഏകീകൃത കളർ കോഡ് സംവിധാനം നടപ്പിലാക്കാന്‍ സാവകാശം, വേഗപ്പൂട്ടിന് 80 കിലോമീറ്റർ പരിധി അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഏകീകൃത നിറം ഉൾപ്പെടെ ടൂറിസ്‌റ്റ് ബസുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Also Read: ഓരോ രൂപമാറ്റത്തിനും 10,000 രൂപ പിഴ, ഏകീകൃത നിറം; ടൂറിസ്റ്റ് ബസുകളെ പൂട്ടാൻ ഗതാഗത വകുപ്പ്