തിരുവനന്തപുരം : ചുരുളി സിനിമയില്‍ അശ്ലീല പരാമര്‍ങ്ങളെന്ന ആരോപണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ച് ഡിജിപി. ബറ്റാലിയന്‍ എ.ഡി.ജിപി കെ.പദ്മകുമാറിന്റെ നേതൃത്വത്തിലാണ് സംഘം. തിരുവനന്തപുരം റൂറല്‍ എസ്.പി ഡോ.ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിനിസ്‌ട്രേഷന്‍ എസിപി നസീമ എന്നിവരാണ് സമിതിയില്‍.
ചുരുളി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഡയലോഗുകള്‍ തീര്‍ത്തും സഭ്യേതരവും അശ്ലീല പരമാര്‍ശങ്ങളുമായതിനാല്‍ ഒടിടി പ്ലാറ്റ് ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: 'ചുരുളി' സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത പതിപ്പാണ് ഒടിടിയിലെന്ന് ബോര്‍ഡ് ഹൈക്കോടതിയില്‍
എന്നാല്‍ പ്രഥമദൃഷ്ട്യാ നിയമലംഘനം കാണുന്നില്ലെന്നായിരുന്നു കേസ് പരിഗണിച്ചുകൊണ്ട് കോടതിയുടെ പ്രാഥമിക നിരീക്ഷണം. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. സിനിമ സംവിധായകന്റെ കലയാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനാദത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
എങ്കിലും സിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കേടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പുതിയ സമിതി സിനിമ കണ്ടതിനുശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകന്‍.