തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മെയ് 13 മുതല്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ള് ചെത്തിന് സർക്കാർ അനുമതി നല്‍കിയ സാഹചര്യത്തിലാണ് കള്ളുഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചത്. കള്ളുഷാപ്പുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യ വില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ ഉണ്ടായ തിക്കും തിരക്കും പോലെയുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ ഒരുക്കിയ ശേഷം മദ്യ വില്‍പ്പന ശാലകള്‍ തുറക്കുന്നത് പരിഗണിക്കും. മദ്യ നിരോധനം പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്‌ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പത്ത്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പൂര്‍ത്തിയാക്കിയ പരീക്ഷകളുടെ മൂല്യ നിര്‍ണയം മെയ് 13ന് ആരംഭിക്കും. എല്‍.പി, യു.പി. അധ്യാപകരുടെ പരിശീലനം പ്രത്യേക പോര്‍ട്ടല്‍ വഴി ഓണ്‍ ലൈനായി ആരംഭിക്കും. ഇതിനു പുറമേ പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കും. ജൂണ്‍ ഒന്ന് മുതല്‍ കുട്ടികള്‍ക്കുള്ള പ്രത്യേക പഠന പരിപാടിയും വിക്‌ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രാദേശിക സ്ഥലങ്ങളിലും വിക്‌ടേഴ്സ് ചാനല്‍ ലഭിക്കുന്നതിനുള്ള സൗകര്യം കേബിള്‍ ഓപ്പറേറ്റര്‍മാരും ഡിടിഎച്ച് ദാതാക്കളും ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നല്‍കി. സ്റ്റോക്കുള്ള സിമന്‍റിന് പഴയ വില മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. ഇക്കാര്യം വില്‍പ്പനക്കാരും ഡീലര്‍മാരും ശ്രദ്ധിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മലയാളികളെ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ബസ് അയക്കുന്നത് പരിഗണനയിലില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് 80,000 പേരെ മാത്രമാണ് എത്തിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്ന് വിവരം ലഭിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.