തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ സിഐടിയു നേതാവ് അറസ്‌റ്റിൽ. ആറാം പ്രതി മണക്കാട് ശ്രീവരാഹം ഇമ്രത്ത് വീട്ടിൽ കെ.അനിൽകുമാറിനെയാണ്(56) പൊലീസ് അറസ്‌റ്റ് ചെയ്തത്. എംഎൽഎ ഹോസ്‌റ്റലിലെ കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന ഇയാൾ പിടിയിലായതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം നാലായി.
1.75 കോടി രൂപ തട്ടി : ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിൽ ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസിൽ അനിൽകുമാറിന്‍റെ പങ്ക് നേരത്തേതന്നെ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന പേരിൽ കന്‍റോൺമെന്‍റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമ്മൂട് സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്‌റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ കന്‍റോൺമെന്‍റ് പൊലീസിന്‍റെ അന്വേഷണം ഇഴയുന്നുവെന്ന പരാതി ഉയർന്നതോടെ കേസ് പൂജപ്പുര പൊലീസിന് കൈമാറുകയായിരുന്നു.
ഇതിനുശേഷമാണ് സമാന രീതിയിൽ തട്ടിപ്പിനിരയായവർ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും വെഞ്ഞാറമ്മൂട് സ്‌റ്റേഷനിലും പരാതിയുമായി എത്തിയത്. ടൈറ്റാനിയത്തിലെ ലീഗൽ ഡിജിഎമ്മായ ശശികുമാരൻ തമ്പിയും ശ്യാംലാലും ചേർന്ന് മറ്റ് പ്രതികളുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ടൈറ്റാനിയത്തിൽ വർക്ക് അസിസ്‌റ്റന്‍റ്, അസിസ്‌റ്റന്‍റ് കെമിസ്‌റ്റ്, മെക്കാനിക്കൽ എൻജിനിയർ തുടങ്ങിയ തസ്‌തികകളിൽ ജോലി വാഗ്‌ദാനം ചെയ്താണ് ഉദ്യോഗാർഥികളിൽ നിന്നും സംഘം 1.75 കോടി രൂപ തട്ടിയെടുത്തത്.
സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്തായിരുന്നു ഉദ്യോഗാർഥികളെ സംഘം തട്ടിപ്പിലേക്ക് ആകർഷിച്ചത്. തുടർന്ന് കമ്പനിയുടെ പേരിലുള്ള വ്യാജ അപേക്ഷകൾ നൽകുകയും, എഴുത്തുപരീക്ഷയും ഇന്‍റർവ്യൂവും നടത്തുകയും ചെയ്തു. അനിൽകുമാർ കൂടി പിടിയിലായതോടെ കേസിൽ നിർണായകമായ കൂടുതൽ തെളിവുകൾ പുറത്തുവരും എന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
കേസില്‍ പ്രധാന പ്രതികളായ ദിവ്യ നായർ, ശ്യാംലാൽ, അഭിലാഷ് എന്നിവര്‍ ഇതിന് മുൻപ് പിടിയിലായിരുന്നു. എന്നാല്‍ കേസിലെ നാലാം പ്രതിയായ ദിവ്യയുടെ ഭർത്താവ് രാജേഷ്, മറ്റൊരു പ്രതിയായ പ്രേംകുമാർ എന്നിവരെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.