തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി 12 മണിക്കൂര്‍ ക്ലാസ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ശ്രീകാര്യം എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും. പകല്‍ പോലെ രാത്രി 9 മണിയ്ക്കും ലാബുകള്‍ പ്രവര്‍ത്തന സജ്ജമാണ് ഇവിടെ. ലൈബ്രറിയിലാണെങ്കില്‍ രാത്രിയിലും വിദ്യാര്‍ഥികളുടെ തിരക്കും.
സംസ്ഥാനമൊട്ടാകെ കോളജിന്‍റെ പ്രവര്‍ത്തന സമയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് 12 മണിക്കൂര്‍ വിദ്യാര്‍ഥികള്‍ക്കായി ശ്രീകാര്യം എഞ്ചിനീയറിങ് കോളജിന്‍റെ ഗേറ്റുകള്‍ തുറന്നിട്ടിരിക്കുന്നത്. യാനം ദീപ്‌തം പദ്ധതിയുടെ ഭാഗമായാണ് കോളജിലെ സമയ മാറ്റം. വൈകിട്ട് നാല് മണി വരെ റെഗുലര്‍ ക്ലാസുണ്ടാകും. അതിന് ശേഷം രാത്രി 9 മണി വരെ ലാബും ലൈബ്രറിയും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം.
വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അധ്യാപകരും കൂടെ നില്‍ക്കും.സിഇടി മാതൃകയിൽ സംസ്ഥാനത്തെ മുഴുവന്‍ കോളജുകളിലും സമയമാറ്റം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും ആർട്‌സ് കോളജിൽ രാവിലെ 8:00 മുതൽ വൈകുന്നേരം ആറ് മണി വരെയും സമയമാറ്റം വരുത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ആദ്യ പടിയെന്നോണം ശ്രീകാര്യം എഞ്ചിനീയറിങ് കോളജിലെ സമയ ക്രമീകരണം.