തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം സിൽവർ ലൈൻ പദ്ധതിക്ക് തിരിച്ചടിയായിട്ടില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. 'സില്‍വര്‍ ലൈനിനെ ജനങ്ങള്‍ തള്ളി കളഞ്ഞിട്ടില്ല. പരിസ്ഥിതിക്ക് ആഘാതമാകാത്ത വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതിയാണിതെന്നും' അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ വൃക്ഷതൈകൾ നട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ്ആർപി. 'ഇടതുമുന്നണിയുടെ തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. തൃക്കാക്കര കോൺഗ്രസിന്‍റെ ഉറച്ച സീറ്റാണ്. അത് അവർ നേടി.
ബിജെപിയുടെയും ട്വന്‍റി-20യുടേയും വോട്ടുകൾ കോൺഗ്രസിന് കിട്ടി. കോണ്‍ഗ്രസിനകത്തെ തര്‍ക്കവും ട്വന്‍റി-20 മത്സരത്തിനിറങ്ങിയതും കാരണം കഴിഞ്ഞ തവണ യുഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടായില്ല. എന്നാല്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഒരു മാസത്തെ പ്രചാരവേലകൊണ്ട് തൃക്കാക്കരയിൽ മാറ്റമുണ്ടാക്കാനാകില്ല. ഇടതുമുന്നണിക്ക് കുറച്ച് വോട്ട് കൂടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്‍ഡിഎഫിന്‍റെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും' എസ് രാമചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു.