തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത ആൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ.
പ്രദേശവാസികളായ ശിലുവയ്യൻ(20), സുനിൽ(22) എന്നിവരുൾപ്പെടെയുള്ള മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമലത്തുറ സ്വദേശിയായ ക്രിസ്‌തുരാജിന്‍റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് പ്രതികൾ ക്രൂരമായി കൊന്നത്.
കഴിഞ്ഞ തിങ്കളാഴ്ച പതിവുപോലെ കടപ്പുറത്ത് കളിക്കാന്‍ പോയ ബ്രൂണോ കളി കഴിഞ്ഞ് വള്ളത്തിനടിയില്‍ വിശ്രമിക്കുന്ന സമയത്തായിരുന്നു ആക്രമണം.
Also read: വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു
തുടർന്ന് നായയുടെ ഉടമ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ മുങ്ങി നടക്കുകയായിരുന്നു. ശേഷം പ്രദേശത്തെ മൃഗസ്നേഹികൾ നായയെ മർധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെ പ്രചരിപ്പിക്കുകയും തുടർന്ന് വാർത്ത ആവുകയും ചെയ്തതോടെയാണ് പ്രതികളെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കതിരെ പ്രതികൾ വധഭീക്ഷണി മുഴക്കിയതായും പരാതിയുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത, ഐപിസി വിഭാഗത്തിലെ ജന്തുക്കളോടുള്ള ക്രൂരത തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തങ്ങളിൽ ഒരാളുടെ മാതാവിനെ നായ കടിച്ചതാണ് പ്രകോപനത്തിന് കാരണമായെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വലിയ മടല്‍ ഉപയോഗിച്ചാണ് നായയെ തല്ലി കൊന്നത്.