തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരവിറക്കും. യുജിസി ശമ്പള പരിഷ്ക്കരണം നടപ്പാക്കും. ഫെബ്രുവരി മുതൽ പുതിയ ശമ്പളം ലഭിക്കും. അധ്യാപകരുടെ കുടിശിക പിഎഫിൽ ലയിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ബജറ്റിന് പുറമെ പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നിയമസഭയിൽ നടത്തി. അംഗനവാടി ടീച്ചർമാരുടെ പെൻഷൻ 2,000 ത്തിൽ നിന്ന് 2,500 ആയി ഉയർത്തി. സർക്കാർ പ്രീ പ്രൈമറി സ്കൂൾ ജീവനക്കാർക്ക് 1,000 രൂപ നൽകും. ക്യാൻസർ രോഗികളുടെയും എയ്ഡ്സ് രോഗികളുടെയും കെയർ ടേക്കർമാരുടെയും പെൻഷനും വർധിപ്പിക്കും. പ്രാദേശിക പത്ര പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും. തൃശൂർപൂരം, പുലികളി, ബോൺ നത്താലെ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകും. ഇ ബാലനന്ദൻ പഠന കേന്ദ്രത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു. 498 കോടി രൂപയുടെ പുതിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.