തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേരളത്തെ മദ്യത്തിൽ മയക്കി കിടത്താൻ ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സർക്കാർ അധികാരത്തിൽ വരുമ്പോൾ 29 ബാറുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 540 ബാറുകളായെന്നും തിരുവഞ്ചൂർ നിയമസഭയിൽ പറഞ്ഞു. 2018ൽ മാത്രം 14,508 കോടിയാണ് ബിവറേജസ് കോർപ്പറേഷനുകൾ വഴി സർക്കാരിന് ലഭിച്ചത്.
സാധാരണക്കാരുടെ കൈയ്യിൽ നിന്നും സർക്കാർ പണം പിടിച്ചുപറിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ പണമില്ലെന്ന് പറയുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. ഓഖി ദുരന്തത്തിന് സഹായമായി ലഭിച്ച തുക പോലും ഇതുവരെ നൽകിയില്ല. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തുകയും വിനിയോഗിച്ചില്ല. സംസ്ഥാനത്ത് ഭൂമാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ഇതറിയാൻ ദേവികുളം താലൂക്ക് മാത്രം പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഒരക്ഷരം പോലും പറയാതെയാണ് സർക്കാർ നയപ്രഖ്യാപനം നടത്തിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.