തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ സ്വന്തം കായിക ടീം വിപുലീകരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. പദ്ധതി നടപ്പാകരുത് എന്നാഗ്രഹിക്കുന്ന ചിലരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. പരിശീലനവുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിൽ മാത്രമാണ് പട്ടികജാതി - പട്ടികവർഗം എന്ന വ്യത്യാസമുള്ളതെന്നും നഗരസഭയ്‌ക്ക് ഒറ്റ ഔദ്യോഗിക ടീമാണ് ഉണ്ടാകുകയെന്നും മേയർ ആവർത്തിച്ചു.
നഗരസഭയിലെ വിവിധ പദ്ധതികളിൽ അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ തീരുമാനിച്ച പരാതി പരിഹാര പരിപാടി ഓഗസ്റ്റ് അഞ്ചിന് തുടങ്ങും. ശ്രീകാര്യം സോണിലാണ് ഉദ്‌ഘാടനം. സോണൽ ഓഫിസിൽ മേയറും ഉയർന്ന ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷമാരും നേരിട്ട് പരാതികൾ സ്വീകരിക്കും.
ഒരു മാസത്തിനുള്ളിൽ പരിഹാരം കണ്ടെത്തി പരാതിക്കാർക്ക് വിവരം നൽകുന്ന രീതിയിലാണ് ക്രമീകരണം. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് ഒമ്പത് മണി മുതൽ ടോക്കൺ നൽകും. ആഗസ്റ്റ് 10 ന് വിഴിഞ്ഞം, 12 ന് നേമം, 17ന് വട്ടിയൂർക്കാവ്, 19 ന് തിരുവല്ലം, 23 ന് കുടപ്പനക്കുന്ന്, 25 ന് ഫോർട്ട്, 27 ന് ഉള്ളൂർ, 29 ന് ആറ്റിപ്ര സോണുകളിൽ പരിപാടി സംഘടിപ്പിക്കും.
സെപ്‌റ്റംബര്‍ 15, 16 തീയതികളിൽ കഴക്കൂട്ടം, കടകംപള്ളി സോണുകളിലും പരാതികൾ സ്വീകരിക്കും. തുടർന്ന് വാർഡ് തലത്തിൽ പരിപാടി സംഘടിപ്പിക്കുമെന്നും മേയർ അറിയിച്ചു. ശ്രീകാര്യം സി.ഇ.ടി എൻജിനീയറിങ് കോളജിന് മുന്നിലെ വിവാദ സ്ഥലത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം ആഗസ്റ്റ് 28 നകം പൂർത്തീകരിക്കാനായേക്കുമെന്ന് മേയർ അറിയിച്ചു.
also read: തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്‌പോർട്‌സ് ടീം: പദ്ധതിയുമായി മേയർ ആര്യ രാജേന്ദ്രൻ