തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിട്ടിക്കൽ കണ്ടയ്ൻമെന്‍റ് സോണുകൾക്ക് പുറത്തേയ്ക്കും രോഗം വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 226 പേരിൽ 196 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. നഗരസഭയിലെ നാല് കൗൺസിലർമാർക്ക് കൂടി രോഗം ബാധിച്ചതോടെ സ്ഥിതി ഗുരുതരമായതായാണ് വിലയിരുത്തൽ. നഗരത്തിൽ ആദ്യമായാണ് ജനപ്രതിനിധികൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തി സന്ദർശിച്ച കോർപ്പറേഷന്‍റെ ഉള്ളൂർ സോണൽ ഓഫീസ് താത്കാലികമായി പൂട്ടി.
നാല് പേർക്ക് രോഗം ബാധിച്ചതോടെ മുഴുവൻ കൗൺസിലർമാർക്കും കൊവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം രോഗം ബാധിച്ച 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവർത്തകർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിലെ ഏഴ് ഡോക്ടർമാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 24 പൊലീസുകാർക്കാണ് നഗരത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പ്രധാന മാർക്കറ്റായ ചാല കമ്പോളത്തിൽ നടത്തിയ പരിശോധനയിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മാർക്കറ്റും പരിസര പ്രദേശങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച കുറവ് കാണുന്നില്ല. ഗ്രാമപ്രദേശങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുന്നതും ജാഗ്രത കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്.