തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതല്‍പേരുടെ മൊഴി രേഖപ്പെടുത്തും. നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്‍റെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും.
ഡി ആർ അനിൽ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് മേയറുടെ ശിപാർശ കത്ത് എത്തിയെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. അതേസമയം കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹരജി നൽകിയത്.
ജോലി മറിച്ചുനൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഹർജിക്കാരനായ ശ്രീകുമാര്‍ നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് വിജലൻസ് ഡയറക്‌ടർക്കും പരാതി നൽകിയിരുന്നു.