തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വന്തം ജില്ലയുൾപ്പെടെ മറ്റ് ജില്ലകൾക്ക് കോടികൾ അനുവദിച്ചപ്പോൾ തലസ്ഥാന ജില്ലയെ മന:പൂർവ്വം ഒഴിവാക്കിയെന്ന് ബിജെപിയുടെ ആക്ഷേപം. തിരുവനന്തപുരം ജില്ലയുടെ വികസന പദ്ധതികളായ ലൈറ്റ് മെട്രോ, സ്മാർട്ട് സിറ്റി, ഔട്ടർ റിങ് റോഡ് തുടങ്ങിയ പദ്ധതികളിലൊന്നിനും പണം അനുവദിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. ജില്ലയിലെ മന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള തർക്കമാണ് തിരുവനന്തപുരത്തെ ഒഴിവാക്കാൻ കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.
അടിസ്ഥാന വികസനത്തിനുൾപ്പെടെ വൻകിട പദ്ധതികളാണ് തിരുവനന്തപുരത്തുകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിഴിഞ്ഞം തുറമുഖത്തിന് 69 കോടി വകയിരുത്തിയതൊഴിച്ചാൽ ജില്ലയിലെ വൻകിട പദ്ധതികളിൽ കൈ തൊടാതെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് എന്നാണ് പരാതി. കാട്ടാക്കട ജങ്ഷന്‍ വികസനത്തിന് 20 കോടിയും കഴക്കൂട്ടം മിനി സിവിൽ സ്റ്റേഷന് 10 കോടിയും പ്രഖ്യാപിച്ചതാണ് ആകെയുള്ള ആശ്വാസം. ബജറ്റില്‍ തിരുവനന്തപുരത്തെ അവഗണിച്ചതിൽ ജില്ലയിലെ വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.