തിരുവനന്തപുരം: തൈക്കാട് സ്ഥിതി ചെയ്യുന്ന ശിശു ക്ഷേമ സമിതിയുടെ കെട്ടിടത്തിന് പുതിയ മുഖച്ഛായ. കുട്ടികൾക്കായി പ്രത്യേക ഡോർമെറ്ററികൾ, രണ്ട് കൗൺസിലിങ് മുറികള്‍, ആറ് ക്ലാസ് മുറികൾ, ആധുനിക ലൈബ്രറി കമ്പ്യൂട്ടർ റൂം, അടുക്കള തുടങ്ങി നിരവധി സൗകര്യങ്ങളാണ് ശിശുക്ഷേമ സമിതിയുടെ പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്‍റെ കീഴിലുള്ള അദീപ് ഷഫീന ഫൗണ്ടേഷനാണ് ആധുനിക കെട്ടിടം നിർമിച്ച് നൽകിയത്.
അഞ്ചു നിലകളിലായി 18000 ചതുരശ്ര അടിയിൽ നിർമിച്ച മന്ദിരം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ കെട്ടിടത്തിൽ 70 കുട്ടികളാണുള്ളത്. ഉദ്ഘാടനം പൂർത്തിയായതോടെ കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. നാലരക്കോടി ചെലവിൽ പണി പൂർത്തിയാക്കിയ പുതിയ കെട്ടിടം കേരള സംസ്ഥാന ശിശു ക്ഷേമ സമിതിക്ക് വലിയ ഒരു മുതൽക്കൂട്ടാകും.