തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്തിലെ കുഴയ്ക്കാട് എൽ.പി സ്‌കൂൾ കെട്ടിടത്തിൻ്റെ സീലിങ് അടർന്നു വീണു. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതുതായി സ്ഥാപിച്ച സീലിങ് ഇളകി വീണത്. നിർമാണ ഘട്ടത്തിൽ തന്നെ അപാകത പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡൻ്റിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കരാറുകാരന് ബിൽ പാസാക്കി നൽകിയെന്നും കോവിൽവിള വാർഡ് അംഗം അശ്വതി പറഞ്ഞു.
ബിജെപി, കോൺഗ്രസ് പ്രവർത്തകരും സംഭവത്തിൽ പ്രതിഷേധിച്ചു. അതേസമയം എട്ട് ലക്ഷം രൂപ ചെലവിൽ സ്‌പിൽ ഓവറായി ചെയ്‌ത വർക്കാണിതെന്ന് പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് സനൽകുമാർ പറഞ്ഞു. അപാകതകൾ ഉള്ളതായി പരാതി വന്നതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് നടപടി എടുക്കാൻ എ.ഇയെ ചുമതലപ്പെടുത്തിയതായും പ്രസിഡൻ്റ് വ്യക്തമാക്കി.